അധികൃതരുടെ അനാസ്ഥ; സാമൂഹ്യ വിരുദ്ധരുടെ താവളമായി ബോയ്സ് സ്‌കൂൾ

ആലുവ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും താവളമാക്കുന്നു. ആലുവ നഗരസഭക്ക് കീഴിലാണ് സ്‌കൂളുള്ളത്. നഗരസഭയിൽ വിദ്യാഭ്യാസ കാര്യങ്ങൾക്കായി സ്‌ഥിരം സമിതിയുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനാഥമായ അവസ്ഥയിലാണെന്ന്​ നാട്ടുകാർ ആരോപിക്കുന്നു. നഗരത്തിലെ പ്രധാന വിദ്യാലയമായ ബോയ്സ് സ്‌കൂളിനെ സംരക്ഷിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. രണ്ട് മാസത്തിനിടെ മൂന്നുതവണ സ്‌കൂളിൽ മോഷണം നടന്നു. വയറിങ് മുഴുവൻ പൊളിച്ച് ചെമ്പുകമ്പി മോഷ്ടിച്ചിരുന്നു. സ്‌കൗട്ട് ഭവൻ, സ്‌കൂൾ ഓഡിറ്റോറിയം എന്നിവയുടെ വാതിൽ കുത്തിത്തുറന്നാണ് ചെമ്പുകമ്പികൾ മോഷ്ടിച്ചത്. ഓഫിസ് കെട്ടിടത്തിലും മറ്റൊരു കെട്ടിടത്തിലും മോഷണം നടന്നിരുന്നു. സി.സി.ടി.വി, ഇന്‍റർനെറ്റ് കേബിളുകൾ എന്നിവ മുറിച്ചുകളഞ്ഞിരുന്നു. ഇവക്കുള്ളിലെ ചെമ്പുകമ്പികളും നഷ്ടമായി. നഗരത്തിൽ സാമൂഹിക വിരുദ്ധരും മോഷ്ടാക്കളും പിടിച്ചുപറിക്കാരും കൂടുതലായി തമ്പടിക്കുന്ന പ്രദേശമാണ് റെയിൽവേ സ്റ്റേഷനും മിനി സിവിൽ സ്റ്റേഷനും ഇടയിലുള്ള ഭാഗങ്ങൾ. സന്ധ്യയോടെ ഈ വഴി ആൾ സഞ്ചാരം കുറവാണ്. അതിനാൽ അക്രമികൾ ഇവിടെ ചേക്കേറുകയാണ്. ഈ പ്രദേശത്താണ് സ്‌കൂൾ. സ്‌കൂളിന്‍റെ ചുറ്റുമതിൽ പല ഭാഗങ്ങളിലും തകർന്നിരിക്കുകയാണ്. മോഷണം പതിവാകുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം നഗരസഭ അധികൃതർ സ്‌കൂൾ സന്ദർശന നാടകം നടത്തി കണ്ണിൽപൊടിയിടാൻ ശ്രമിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.