കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ

പറവൂർ: ഇരുചക്ര വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ഡിപ്പോയിലെ ഡ്രൈവർ പെരിഞ്ഞനം പൊറ്റേക്കാട്ട് പി.ഡി. വിൽസനാണ് (52) മർദനമേറ്റത്. തലയ്ക്കും ചുമലിലും അടികൊണ്ട വിൽസൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മതിലകം പാമ്പിനേഴത്ത് ഷിജിമോനെതിരെ (32) കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 2.10 ന് പറവൂർ മാർക്കറ്റിന് സമീപമായിരുന്നു സംഭവം. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. പറവൂർ ചന്ത ദിവസമായതിനാൽ ചന്തക്ക്​ സമീപം ദേശീയപാതയിൽ തിരക്കായിരുന്നു. റോഡിന് ഇരുവശങ്ങളിലും ലോറി നിർത്തിയിട്ട് ചരക്ക് ഇറക്കിയിരുന്നതിനാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിഞ്ഞില്ല. ഇരുചക്ര വാഹനവുമായി ബസിന് പിന്നാലെയുണ്ടായിരുന്ന ഷിജിമോൻ ഹോൺ അടിച്ചെങ്കിലും ആദ്യം കടത്തിവിടാൻ കഴിഞ്ഞില്ലെന്നും കണ്ണൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തായി സൈഡ് കൊടുത്തെന്നും വിൽസൻ പറഞ്ഞു. എന്നാൽ, എതിരെനിന്ന് മറ്റൊരു വാഹനം വന്നതിനാൽ ഷിജിമോന് കയറിപ്പോകാനായില്ല. തുടർന്ന് ഇയാൾ റോഡിൽ വെച്ച് അസഭ്യം പറഞ്ഞു. ബസ് ഡിപ്പോയിൽ എത്തിയപ്പോൾ പിന്നാലെ എത്തി വണ്ടിയുടെ ടയറിൽ ചവിട്ടി വാതിലിൽ പിടിച്ചുകയറിയശേഷം ഹെൽമറ്റ് കൊണ്ട് അടിക്കുകയായിരുന്നു. പിടിച്ചു മാറ്റാൻ ചെന്ന മറ്റ് ജീവനക്കാരെയും ഉപദ്രവിച്ചു. ആളുകൾ കൂടുന്നത് കണ്ട ഷിജിമോൻ ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ചു കടന്നുകളഞ്ഞു പൊലീസ് എത്തി ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബസ് ബൈക്കിൽ മുട്ടിയെന്ന പരാതിയുമായി പിന്നീട് ഷിജിമോൻ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇതിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പടം EA PVR ksrtc 4 മർദനമേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ പി.ഡി.വിൽസൻ (52)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.