കാനഡയിലുള്ളയാളുടെ പേരിൽ കള്ളവോട്ടെന്ന് ആരോപണം; യു.ഡി.എഫ് പരാതി നൽകി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വൈറ്റില പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ട്​ ചെയ്യാൻ ശ്രമിച്ചയാൾ പിടിയിലായതിന് പിന്നാലെ, ഇടപ്പള്ളിയിലും നാടകീയ സംഭവങ്ങൾ. ഇടപ്പള്ളി ഹൈസ്കൂളിൽ പോളിങ് അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് കള്ളവോട്ട് നടന്നെന്ന വിവരം പുറത്തുവന്നത്. കാനഡയിലുള്ളയാളുടെ വോട്ട് ആളുമാറി ചെയ്തെന്ന വിവരം പുറത്തുവന്നതോടെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് സ്ഥലത്തെത്തി പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകി. 17ാം നമ്പർ ബൂത്തിലെ ജോസഫ് ജോർജ് എന്നയാളുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആരാണ് വോട്ട് ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇത് വ്യക്തമാകുന്നതിന് ബൂത്തിലെ സി.സി.ടി.വി പരിശോധിക്കും. വിദേശത്തുള്ള വോട്ടറുടെ ഇ-മെയിൽ വിലാസത്തിൽനിന്ന്​ പരാതി അയക്കാനാണ് പ്രിസൈഡിങ് ഓഫിസറുടെ നിർദേശം. കള്ളവോട്ട് ചെയ്തതായി സംശയം തോന്നി വോട്ട് ചെയ്യാനെത്തിയ ആളെ പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇതോടെ യഥാർഥ വോട്ടറുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. വിദേശത്താണെന്ന വിവരം അതോടെ സ്ഥിരീകരിച്ചെന്നും അതിന് ശേഷമാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.