നാടുകാണാൻ ഇറങ്ങി നാട്ടുകാരെ വട്ടം ചുറ്റിച്ച മുള്ളൻപന്നിയെ കുടുക്കി

കറ്റാനം: നാടുകാണാൻ ഇറങ്ങിയ മുള്ളൻപന്നിയുടെ പരാക്രമത്തിൽ അഞ്ചര മണിക്കൂർ ജനം വിരണ്ടു. കറ്റാനം കരിമുട്ടം ഭാഗത്താണ് മുള്ളൻപന്നി നാട്ടുകാരെ വട്ടം ചുറ്റിച്ചത്. നൈനാൻസ് ഹോട്ടലിന് പടിഞ്ഞാറുവശത്തെ പുരയിടം ഉഴുതുമറിക്കാൻ എത്തിയ കണ്ണനാകുഴി സ്വദേശി പ്രകാശാണ് ചൊവ്വാഴ്ച രാവിലെ 10.30ഓടെ ഇതിനെ ആദ്യം കണ്ടത്. മയിലാണെന്ന സംശയത്തിൽ അടുത്ത് എത്തിയപ്പോഴാണ് മുള്ള് വിടർത്തി ഭീകരരൂപം ആദ്യം കാട്ടിയത്. ആളുകളെ കൂട്ടി എത്തിയപ്പോഴേക്കും ഓടിമറഞ്ഞു. ഇതോടെ വിവരമറിഞ്ഞ് എസ്.ഐ ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സ്ഥലത്ത് തമ്പടിച്ചു. ഇവർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥനും എത്തി. ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പിയുടെ നേതൃത്വത്തിൽ നാട്ടുകാരും സംഘടിച്ചതോടെ തിരച്ചിൽ ഊർജിതമായി. പൊന്തക്കാടുകളിലും മതിലിടുക്കുകളിലും ഒളിച്ച മുള്ളൻപന്നിയെ കുത്തിയിറക്കി പുറത്ത് എത്തിച്ചെങ്കിലും ഓരോ തവണയും പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. മുള്ള് തെറിപ്പിക്കുമെന്ന ഭയം കാരണം പലപ്പോഴും ഇതിനടുത്തേക്ക് എത്താനുമായില്ല. ഒടുവിൽ വൈകീട്ട്​ അ​ഞ്ചോടെ നഗരൂർ ആശുപത്രി ജങ്ഷനിലെ റോഡരികിലെ ഓടയിലേക്ക് ചാടി ഇറങ്ങിയതോടെ കുടുങ്ങിയ അവസ്ഥയിലായി. പിന്നീട് സ്ലാബിന് മുകളിലൂടെ വല വിരിച്ചുപിടിച്ച്​ മുള്ളൻപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഏറ്റുവാങ്ങി കൊണ്ടുപോകുകയായിരുന്നു. വനപ്രദേശങ്ങളിൽനിന്ന്​ ഏതെങ്കിലും ലോറിയിലകപ്പെട്ട്​ എത്തിയതാകാമെന്നാണ് കരുതുന്നത്. APLKY5MULLAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.