മോദിയുമായി ഉണ്ടാക്കിയ പാക്കേജിലെ വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തണം -കെ.സി. വേണുഗോപാൽ

കൊച്ചി: പാതിവഴിയിൽ അന്വേഷണം നിലച്ച കേസുകൾ അടക്കം മോദിയുമായി ഉണ്ടാക്കിയ പാക്കേജിലെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മതേതര കേരളത്തിൽ വർഗീയത ആളിക്കത്തിച്ച് ബി.ജെ.പിക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്ന പിണറായിയുടെ പുതിയതരം 'സോഷ്യൽ എൻജിനീയറിങ്' ഈ പാക്കേജിന്റെ ഭാഗമാണോ എന്നാണ് അറിയേണ്ടത്​. തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ പര്യടനം കാക്കനാട് മനക്കെകടവിൽ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം മതേതരത്വം പ്രസംഗിക്കുകയും വർഗീയ ശക്തികളോട് കൂട്ടുകൂടുകയുമാണ് മുഖ്യമന്ത്രി. ഗുജറാത്തിൽനിന്ന്​ വികസനത്തിന്റെ പാഠമാണോ അതോ വർഗീയ ധ്രുവീകരണം എങ്ങനെ ഫലപ്രദമായി സൃഷ്ടിച്ചെടുക്കാമെന്ന പാഠമാണോ പഠിച്ചതെന്നാണ് അറിയേണ്ടത്. ലാവലിൻ കേസ് എന്തുകൊണ്ട് സുപ്രീംകോടതിയിൽ 30 തവണ മാറ്റിവെച്ചെന്നും സ്വർണക്കടത്ത് കേസ് അന്വേഷണം എങ്ങനെ കോൾഡ് സ്റ്റോറേജിലായെന്നും വ്യക്​തമാക്കണം. ലൈഫ് മിഷൻ അഴിമതി കേസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേസുകൾ ഒതുക്കുന്നത് അടക്കം പിണറായി വിജയനും മോദിക്കുമിടയിലെ പാലം ആരാണെന്നും ഏത് കോർപറേറ്റ് ഭീമനാണ് ഇടനിലക്കാരനെന്നും വേണുഗോപാൽ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.