വർഗീയവാദികളുടെ തിണ്ണനിരങ്ങുന്നവരല്ല യു.ഡി.എഫ്​ -വി.ഡി. സതീശൻ

കൊച്ചി: വര്‍ഗീയവാദികളുമായി ഒരു സന്ധിയുമില്ലെന്നും അവരുടെ തിണ്ണനിരങ്ങുന്നവരല്ല യു.ഡി.എഫ്​ എന്നും പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ടുകൊണ്ട് തൃക്കാക്കരയില്‍ ഞങ്ങൾ ജയിക്കുമെന്നും മതേതരമനസ്സാണ് കേരളത്തിന്റേതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ച്​ വോട്ടിനായി കണ്ടവ​ന്‍റെ അടുത്തെല്ലാം പോകലല്ല തങ്ങളുടെ പണി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകളൊക്കെ ഒത്തുതീര്‍പ്പാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. വിഷയദാരിദ്ര്യമുള്ളതുകൊണ്ടാണ്​ മുഖ്യമന്ത്രി ഉമ തോമസിന്‍റെ സന്ദർശനം വിവാദമാക്കുന്നതെന്ന്​ സതീശൻ പറഞ്ഞു. അതിജീവിത ഹൈകോടതിയെ സമീപിച്ചതോടെ സര്‍ക്കാറിന്റെ സ്ത്രീവിരുദ്ധമുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്​. ഇത് ഈ സര്‍ക്കാറിന്റെ കാലത്തെ ആദ്യസംഭവമല്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പണ്ടും അദ്ദേഹത്തിന്റെ കൈയിലായിരുന്നില്ല. അവിടെയുള്ളവർ പിന്നീട്​ ജയിലിലായി. വീണ്ടും ഓഫിസ് കൈവിട്ടുപോയോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നായിരിക്കും. ഇടത് സഹയാത്രികരാണ് അതിജീവിതയുടെ കൂടെയുണ്ടായിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്നത് ആരെ രക്ഷിക്കാ​നാണെന്നും സതീശൻ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.