കൊച്ചി: വെണ്ണല മതവിദ്വേഷ കേസിൽ മുൻ എം.എൽ.എ പി.സി. ജോർജ് മൊഴി നൽകാൻ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ നാടകീയ സംഭവങ്ങൾക്കാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനും പരിസരവും സാക്ഷ്യം വഹിച്ചത്. ജോർജിനെതിരെ പ്രതിഷേധവുമായി പി.ഡി.പി പ്രവർത്തകരും ഐക്യദാർഢ്യവുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ മണിക്കൂറുകളോളം സംഘർഷ സമാന സാഹചര്യമാണുണ്ടായത്. ഉച്ചക്ക് 2.30ഓടെ പി.ഡി.പി പ്രവർത്തകരാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ആദ്യം എത്തിയത്. ജോർജിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. മുദ്രാവാക്യങ്ങളുമായി എത്തിയ ഇവരെ തൃക്കാക്കര അസി. കമീഷണറുടെ നേതൃത്വത്തിൽ തടഞ്ഞു. പ്രതിഷേധം തുടർന്ന ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം മുജീബ് റഹ്മാൻ, ജില്ല പ്രസിഡന്‍റ് അഷ്റഫ് വാഴക്കാല എന്നീ നേതാക്കൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടെ പി.സി. ജോർജിന് ഐക്യദാർഢ്യം അറിയിക്കാൻ നോബിൾ മാത്യുവിന്‍റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ സ്റ്റേഷനിലേക്കെത്തി. പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപമാണ് എൻ.ഡി.എ തൃക്കാക്കര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസെന്നതിനാൽ കൂടുതൽ പ്രവർത്തകർ സ്ഥലത്ത് വേഗത്തിൽ സംഘടിച്ചു. അദ്ദേഹത്തിന്‍റെ വാഹനം വന്നതോടെ കൂടുതൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ വലിയ ക്രമസമാധാന പ്രശ്നമാണ് ഉടലെടുത്തത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തൃക്കാക്കര എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും വന്നു. പോപുലർ ഫ്രണ്ട് റാലിക്കിടെയുണ്ടായ വിദ്യാർഥിയുടെ പ്രകോപന മുദ്രാവാക്യത്തിൽ വേണ്ട നടപടിയെടുത്തിട്ടില്ലെന്നും പി.സി. ജോർജിന് നേരെയുണ്ടായിരിക്കുന്നത് ഇരട്ടനീതിയാണെന്നും അവർ ആരോപിച്ചു. ഈ സമയം കൂടുതൽ പ്രവർത്തകരെത്തി സ്റ്റേഷന് മുന്നിൽ അഭിവാദ്യ മുദ്രാവാക്യങ്ങൾ മുഴക്കി. ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷന് അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പിന്നീട് പുറത്തിറങ്ങി പൊലീസ് വാഹനത്തിൽ പി.സി. ജോർജ് കയറിയതോടെ പ്രതിഷേധം വീണ്ടും ശക്തമാക്കി. ഇതിനിടെ നേരിയ തോതിൽ സംഘർഷമുണ്ടായി. തുടർന്ന് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.