ആളെ മാത്രമല്ല, ചരക്കും കയറ്റുമെന്ന്​ കെ-റെയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത്​ സിൽവർലൈൻ കല്ലിടൽ താൽക്കാലികമായി നിർത്തിയെങ്കിലും പദ്ധതിയുടെ നേട്ടങ്ങൾ സംബന്ധിച്ച പ്രചാരണവുമായി കെ-റെയിൽ. സിൽവർ ലൈനിൽ ആളെ മാത്രമല്ല ചരക്കും കയറ്റുമെന്നാണ്​ അവകാശവാദം. തങ്ങളുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ സിൽവർ ലൈൻ വന്നാലുണ്ടാകുന്ന നേട്ടങ്ങൾ സംബന്ധിച്ച വിഡിയോകൾ ഉൾപ്പെടെ ഷെയർ ചെയ്തുള്ള കെ-റെയിലിന്‍റെ പ്രചാരണം. സിൽവർലൈൻ വന്നാൽ ഐ.ടി രംഗത്ത്​ പുതിയ ഒട്ടേറെ തൊഴിലവസരങ്ങൾ വരുമെന്നും കെ-റെയിൽ അവകാശപ്പെടുന്നു. ഗതാഗതപ്രശ്നം പരിഹരിക്കാൻ റെയിൽ​വേ പാത ഇരട്ടിപ്പിച്ചാൽ പോരേയെന്ന വാദത്തിൽ കഴമ്പില്ലെന്നാണ്​ കെ- റെയിലിന്‍റെ വാദം. ഇരട്ടിപ്പിച്ചാലും ​വേഗം കൂടില്ല. തിരുവനന്തപുരം-മംഗളൂരു സെക്ഷനിൽ 634 കി.മീറ്ററിൽ 615 കി.മീ ഇരട്ടിപ്പിച്ചെങ്കിലും വേഗം കൂടിയില്ലെന്നാണ്​ കെ-റെയിലിന്‍റെ അവകാശവാദം. റോ-റോ മോഡൽ ചരക്കുനീക്കം, റോഡ്​ വഴിയുള്ള ചരക്കു​ നീക്കത്തെക്കാൾ ലാഭകരമാണെന്ന അവകാശവാദവും കെ-റെയിൽ മുന്നോട്ട്​ വെക്കുന്നു. സിൽവർ ലൈൻ റോ-റോ സർവിസിൽ ഒരുദിവസം 450 മുതൽ 480 വരെ ചരക്കു ലോറികളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ എത്തിക്കാനാകും. ദിവസം ആറ്​ റോ-റോ ട്രിപ്പുണ്ടാകും. ഏകദേശം 75 ട്രക്കുകളെ ഒരു ട്രെയിനിന്​ വഹിക്കാനാകും. മണിക്കൂറിൽ 120 കി.മീ വേഗത്തിലാകും ട്രെയിൻ ഓടുന്നത്​. ചരക്കു​നീക്കത്തിന്​ ഏറ്റവും മികച്ച മാർഗമാണ്​ റോ-റോ. ഭാരം നിറച്ച 44 ലോറികളെ ഒരു റോ-റോ റേക്കിന്​ ഉൾക്കൊള്ളാനാകുമെന്നും കെ-റെയിൽ അവകാശപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.