വെള്ളക്കെട്ട്​ പരിഹരിക്കാൻ സ്വീകരിച്ച നടപടിയെന്തെന്ന്​ ഹൈകോടതി

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ എന്ത്​ നടപടികളാണ്​ സ്വീകരിച്ചതെന്ന്​ ഹൈകോടതി. പ്രശ്ന പരിഹാരത്തിനായി ഇതുവരെ സ്വീകരിച്ചതും സ്വീകരിക്കാനിരിക്കുന്നതുമായ നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ കൊച്ചി നഗരസഭക്കും കലക്‌ടർക്കും നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് നഗരത്തിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് ഹരജികൾ വീണ്ടും പരിഗണിച്ചത്. മുൻ വർഷങ്ങളിൽ ഫലപ്രദമായ നടപടികളെടുത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമായില്ലെന്ന്​ കോടതി വിലയിരുത്തി. പേരണ്ടൂർ കനാലിലെ ചളി നീക്കി ഒഴുക്ക് സുഗമമാക്കുന്നതടക്കമുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. കനാലിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോടതിയും നിർദേശിച്ചു. രണ്ടുദിവസമായി വലിയതോതിൽ മഴ പെയ്തിരുന്നെന്നും മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിയെന്നും സർക്കാർ വിശദീകരിച്ചു. നഗരത്തിലെ കാനകളും കനാലുകളും മികച്ച രീതിയിൽ പരിപാലിച്ചതിനാലാണ് ഇതു സാധ്യമായതെന്നും വ്യക്തമാക്കി. എന്നാൽ, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപറേഷൻ ബ്രേക്ക് ത്രൂ പദ്ധതി കാര്യക്ഷമമായി നടക്കുമെന്നാണ് കരുതിയതെന്നും മൂന്നാംഘട്ടം ഫലപ്രദമായില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ്​ റിപ്പോർട്ട് തേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.