അന്തർസംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടുപേർ പിടിയിൽ

മട്ടാഞ്ചേരി: അന്തർസംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ്​ അറസ്റ്റുചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തും വാഹനമോഷണം മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിൽ പ്രതിയായ ഫോർട്ട്കൊച്ചി സ്വദേശി ഷിറാസ് എന്ന സിറാജ് (31), മോഷ്ടിക്കേണ്ട വാഹനങ്ങളുടെ വിവരങ്ങൾ നൽകി സഹായിച്ചിരുന്ന ഫോർട്ട്കൊച്ചി അധികാരി വളപ്പിൽ താമസിക്കുന്ന പി.എസ്. റിൻഷാദ്(32) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഫോർട്ട്കൊച്ചിയിൽനിന്ന് മോഷണം പോയ നാല് ബൈക്കുകളും മട്ടാഞ്ചേരിയിൽനിന്നുള്ള രണ്ട് ബൈക്കുകളും മോഷ്ടിച്ചത് പ്രതികളാണെന്ന് സമ്മതിച്ചതായി പൊലീസ് ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. മോഷണമുതൽ വിറ്റ് കിട്ടുന്ന പണം പ്രതികൾ ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമായാണ് ഉപയോഗിച്ചിരുന്നത്. മോഷ്ടിച്ച വാഹനങ്ങൾ നേരം പുലരുംമുമ്പ് അതിർത്തി കടത്തി തമിഴ്നാട്ടിൽ വിൽക്കുകയാണ് പ്രതികളുടെ രീതി. ഇതിന് പുറമേ പ്രതി ഷിറാസ് സേലം, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ആറ്​ ബുള്ളറ്റുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പാലക്കാട്, കട്ടപ്പന എന്നിവിടങ്ങളിൽ എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്നു കേസുകളിൽ പ്രതിയാണ്‌. മട്ടാഞ്ചേരി സബ് ഡിവിഷനിൽ വിവിധ സ്റ്റേഷനുകളിലായി പിടിച്ചുപറി, പീഡനം ഉൾപ്പെടെ പതിനൊന്നോളം കേസുകളുമുണ്ട്​. സ്ഥിരമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. കേരളത്തിൽ എത്തി ബൈക്കുകൾ മോഷ്ടിച്ച് ഇതുമായി മടങ്ങുകയാണ് ഇയാളുടെ പതിവ്. പ്രതിയെക്കുറിച്ചും മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിൽ വിൽപന നടത്തിയിരുന്നയാളെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്ന് അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു. എസ്.ഐമാരായ കെ.ആർ. രൂപേഷ്, എം.പി. മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മേഘനാഥൻ, എഡ്വിൻ റോസ്, ജോജി, സിവിൽ പൊലീസ് ഓഫിസർ കെ.എ. അനീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചിത്രം.. അന്തർസംസ്ഥാന വാഹന മോഷണ കേസിലെ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.