വാർ റൂമുകൾ സജീവം, നയിക്കാനും നിയന്ത്രിക്കാനും

കൊച്ചി: തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് കൃത്യമായി പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നതിന്‍റെ തിരക്കിലാണ് മുന്നണികളുടെ വാർ റൂമുകൾ. തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസുകളിൽ യുവനിരയെ ഇറക്കിയാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ പ്രവർത്തനം. ഡിജിറ്റൽ പ്രചാരണത്തിന്‍റെ പ്രാധാന്യമേറിയതോടെ ട്രെൻഡറിഞ്ഞാണ് നീക്കങ്ങൾ. സ്ഥാനാർഥി പ്രഖ്യാപനം മുതലുണ്ടായ വിവാദങ്ങളിൽ പ്രതിരോധമൊരുക്കുകയായിരുന്നു ഇതുവരെയുള്ള പ്രധാന പ്രവർത്തനങ്ങൾ. പൊതുപ്രചാരണം ആരംഭിച്ചതോടെ ഓരോ ദിവസത്തെയും ഷെഡ്യൂളുകൾ തയാറാക്കുന്നത് മുതൽ നേതാക്കളെ കളമറിഞ്ഞ് രംഗത്തിറക്കുന്നത് വരെയുള്ള പരിപാടികൾ ഇവിടെയാണ് ആസൂത്രണം ചെയ്യപ്പെടുന്നത്. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായതിനാൽ മുതിർന്ന നേതാക്കളടക്കം മണ്ഡലത്തിൽ എത്തുന്നുണ്ട്​. ഓരോ ദിവസങ്ങളിലും ഇവർ പ്രചാരണത്തിന് എത്തേണ്ട കേന്ദ്രങ്ങൾ നേതൃത്വത്തിന്‍റെ അംഗീകാരത്തോടെ തീരുമാനിക്കും. സോഷ്യൽ മീഡിയ ട്രെൻഡുകൾ നിരീക്ഷിക്കുക, ഭരണനേട്ടങ്ങളും വിവാദങ്ങളും അവതരിപ്പിക്കുക എന്നിവയാണ് ഒരു വിഭാഗത്തിന്‍റെ ജോലി. സ്ഥാനാർഥി പര്യടനത്തിനായുള്ള വാഹനങ്ങളുടെ പെർമിറ്റെടുക്കൽ, അനൗൺസ്​മൻെറ് വണ്ടിയും ഓപൺ ജീപ്പുകളും സജ്ജീകരിക്കൽ, അവക്കായി കമീഷണർ ഓഫിസ് മുതൽ കലക്ടറേറ്റ് വരെയുള്ള നിയമനടപടികൾ പൂർത്തിയാക്കൽ ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവരുടെ ശ്രദ്ധയെത്തും. പ്രചാരണ ചെലവ് വിലയിരുത്തുന്നതിനും വിനിയോഗിക്കുന്നതിനും യുവാക്കളുടെ അക്കൗണ്ട്സ് വിഭാഗം, നിയമസഹായങ്ങൾ നൽകുന്നതിന് യുവ അഭിഭാഷകർ എന്നിങ്ങനെയും സംഘങ്ങളുണ്ട്. വിവാദങ്ങൾക്ക് ഒട്ടും വൈകാതെ മറുപടി തയാറാക്കി ജനങ്ങളിലെത്തിക്കുന്ന സമൂഹമാധ്യമ ദ്രുതകർമ സംഘവുമുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശമനുസരിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് യു.ഡി.എഫിൽ കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സി.പി.എമ്മിന്‍റെ സംസ്ഥാന, ജില്ലതല പ്രത്യേക ടീമുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള സംഘമാണ് എൽ.ഡി.എഫ് വാർ റൂം നിയന്ത്രണം. സ്ഥാനാർഥികളെയോ രാഷ്ട്രീയ പാർട്ടികളെയോ പരിധിവിട്ട് അപകീർത്തിപ്പെടുത്തുന്ന ട്രോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് ഇരുകൂട്ടരും. അനാവശ്യ ട്രോളുകൾ ഇടുന്നവരെ നിരീക്ഷിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുന്നതിനും നിർദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.