കൊച്ചി: തോരാതെ പെയ്ത മഴയെത്തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്. ശനിയാഴ്ച വൈകീട്ടോടെ ആരംഭിച്ച കനത്ത മഴയെത്തുടർന്നാണ് നഗരത്തിൻെറ പ്രധാന ഇടങ്ങളെല്ലാം വെള്ളത്തിലായത്. ഞായറാഴ്ച പുലർച്ച ഗതാഗതക്കുരക്കും അനുഭവപ്പെട്ടു. വെള്ളം കയറിയ സ്ഥലങ്ങളിൽനിന്ന് അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും ചേർന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെള്ളക്കെട്ടുണ്ടായ എളംകുളം പി ആന്‍ഡ് ടി കോളനി നിവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ഏഴു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ക്യാമ്പില്‍ രണ്ടു പുരുഷന്മാരും ഏഴു സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. തൃക്കാക്കര വടക്ക് വില്ലേജില്‍ ഒരു ക്യാമ്പ് ഹില്‍വാലി സ്കൂളില്‍ തുടങ്ങി. രണ്ട് കുടുംബങ്ങളിലെ മൂന്ന് സ്ത്രീകളും മൂന്നു പുരുഷന്മാരും ഇവിടെയുണ്ട്. എറണാകുളം വില്ലേജ് പരിധിയില്‍ ജഡ്ജസ് അവന്യൂ അംബേദ്കര്‍ കോളനി, ജേണലിസ്റ്റ് കോളനി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പമ്പിങ് നടത്തി. വീടുകളില്‍നിന്നുള്ള വെള്ളമിറങ്ങിയതിനാല്‍ ക്യാമ്പ് തുറന്നില്ല. മരം വീണും വെള്ളം കയറിയും നാശം കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂരില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവയില്‍നിന്നുള്ള അഗ്നിരക്ഷ സേനയുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പറവൂര്‍ താലൂക്ക് ഏലൂര്‍ വില്ലേജില്‍ പുലര്‍ച്ച വേലിയേറ്റവും മഴയും മൂലം ഒന്നര മീറ്റര്‍ ഉയരത്തില്‍ വെള്ളം ഉയര്‍ന്നു. ഏലൂര്‍ ഫെറി മഞ്ഞുമ്മല്‍ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മഞ്ഞുമ്മലില്‍ 110 നമ്പര്‍ റേഷന്‍ കടയില്‍ വെള്ളം കയറി അരി, ഗോതമ്പ് എന്നിവ മുങ്ങി. മഞ്ഞുമ്മല്‍ ശങ്കര്‍ ഫാര്‍മസിക്കടുത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു. പറവൂര്‍ താലൂക്ക് കുന്നുകര പഞ്ചായത്തില്‍ പൂമംഗലത്ത് സുബ സൈഗൻെറ വീടിന് സമീപമുള്ള തിട്ടയില്‍നിന്ന് മണ്ണ് ഇടിഞ്ഞു. വീടിന് നാശനഷ്ടങ്ങളില്ല. എളങ്കുന്നപ്പുഴയില്‍ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. എടത്തല പഞ്ചായത്ത് 21ാം വാര്‍ഡില്‍ തേവര്‍പറമ്പില്‍ ഷംസുവിൻെറ വീട്ടിലെ കാര്‍പോര്‍ച്ചിലേക്ക് മതില്‍ വീണു. രാവിലെ 10.30നാണ് സംഭവം. പെരുമ്പാവൂര്‍ അഗ്നിരക്ഷ നിലയം ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ മതില്‍ നീക്കം ചെയ്ത് കാര്‍ പുറത്തെടുത്തു. ശക്തമായ മഴയിലാണ് മതില്‍ ഇടിഞ്ഞത്. പാടത്തിക്കര പിണര്‍മുണ്ട- ഇന്‍ഫോപാര്‍ക്ക് റോഡില്‍ പിണര്‍മുണ്ട മുസ്ലിം പള്ളിക്ക് സമീപത്ത് റോഡ് ഇടിഞ്ഞു. സൗത്ത് റെയിൽവേ സ്റ്റേഷൻ, പാലാരിവട്ടം, കലൂർ, എന്നിവിടങ്ങളിൽ മുട്ടോളം വെള്ളം പൊങ്ങി. വഴിയിൽ പാർക്ക് ചെയ്ത് വാഹനങ്ങളിലടക്കം വെള്ളം കയറി. ദുരിതം വിതച്ച് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലാണ് ഏറെ യാത്രദുരിതം ഉണ്ടായത്. വെള്ളം പൊങ്ങിയതിനെ തുടർന്ന് ബസുകൾ വെള്ളക്കെട്ടിലൂടെയാണ് സ്റ്റാൻഡിൽ കയറിയതും ഇറങ്ങിയതും. യാത്രക്കാർ പുറത്തുനിന്നാണ് ബസിൽ കയറിയത്. ഓപറേറ്റിങ് സെന്‍ററിലടക്കം വെള്ളം കയറിയതോടെ ജീവനക്കാരും ബുദ്ധിമുട്ടിലായി. യാത്രക്കാരെ പുറത്ത് ഇറക്കി ജീവനക്കാർ മുട്ടോളം വെള്ളത്തിലൂടെ നടന്നാണ് ഡിപ്പോയിൽ ഒപ്പിടാനടക്കം പോയത്. സ്റ്റാൻഡിനുള്ളിലെ കടകളിലും വെള്ളം കയറി. പാലാരിവട്ടം, ജവഹർലാൽ നെഹ്റു സ്റ്റേഡിയം റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈറ്റാട്ടിൽ തോമസ് ജോർഡിയുടെ വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് പമ്പ് ചെയ്ത് കളഞ്ഞത്. മുല്ലശ്ശേരിക്കനാലിൽ വെള്ളം നിറഞ്ഞ് എട്ടോളം വീടുകളിൽ വെള്ളം കയറി. ഇവിടെ ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടാണ്. ഇവരെ ഫയർഫോഴ്സ് എത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാനകൾ പലതും നിറഞ്ഞൊഴുകി. പ്രധാന പാതകളിലും ഇട റോഡുകളിലും വെള്ളം നിറഞ്ഞു. വീടുകൾ, കടകൾ, എ.ടി.എം കൗണ്ടർ എന്നിവിടങ്ങളിലും വെള്ളം കയറി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. സി.പി. ഉമ്മർ റോഡിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ആറുപേരെ അഗ്നിരക്ഷ സേന ഒഴിപ്പിച്ചു. കാരിക്കാമുറി, പരമാര സെന്‍റ് വിൻസെന്‍റ് റോഡിൽ വെള്ളം ഉയർന്നതിനിടെ തുടർന്ന് റഹീം മൻസിലിൽ നജീമയെ (80) മുകളിലത്തെ നിലയിലേക്ക് മാറ്റി. പ്രായമായ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ കലക്ടറേറ്റിൽ വിവരം അറിയിച്ചതിനനുസരിച്ചാണ് ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നത്തിയത്. ഞായറാഴ്ച വൈകീട്ടോടെയാണ് പലയിടത്തും വെള്ളം ഇറങ്ങിയത്. മഴ തുടരുന്ന സാഹചര്യത്തിൽ പെരിയാറിൻെറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.