സിവിൽ സപ്ലൈസ് ഗോഡൗണിലെ ക്രമക്കേട് ജീവനക്കാരെ ബലിയാടാക്കാൻ ശ്രമമെന്ന് ആരോപണം

മട്ടാഞ്ചേരി: കൊച്ചിയിലെ സിവിൽ സപ്ലൈസ്​ ഗോഡൗണിൽ അരിയും വെളിച്ചെണ്ണയും കാണാതായ സംഭവത്തിൽ താൽക്കാലിക ജീവനക്കാരായ മൂന്നുപേരെ ബലിയാടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയരുന്നു. ഇവരെ കുറച്ചുദിവസമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ നേതാക്കൾതന്നെ രംഗത്തുവന്നിട്ടുണ്ട്. വെളിച്ചെണ്ണ കാണാതായത്​ മാറ്റിനിർത്തപ്പെട്ട താൽക്കാലിക ജീവനക്കാരുടെ അറിവോടെയാണെന്ന റിപ്പോർട്ട് ബന്ധപ്പെട്ടവർ നൽകിയതാണ് പറയുന്നത്. എന്നാൽ, മാറ്റിനിർത്തപ്പെട്ട ജീവനക്കാർക്ക് ഇതുസംബന്ധിച്ച് ഒരു നോട്ടീസ് നൽകുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഇവരെ ബലിയാടുകളാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണ് ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നതെന്നാണ് ആക്ഷേപം. സംഭവത്തിൽ ഒരാളെ സ്ഥലംമാറ്റിയെങ്കിലും കുറ്റക്കാരെന്ന് ആരോപണം നേരിടുന്ന രണ്ട് വനിത ജീവനക്കാർ ഇപ്പോഴും ഇവിടെത്തന്നെ തുടരുകയാണെന്നും പറയുന്നു. നടപടി നേരിട്ട ജീവനക്കാരനടക്കം മൂന്നുപേർക്ക് പങ്കുണ്ടെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. ഇതിൽ ഒരാൾ നേരത്തേ ചായപ്പൊടി തിരിമറിയിൽ നടപടി നേരിട്ടതാണെന്നും പറയുന്നു. പ്രതിവർഷ സ്റ്റോക്കെടുപ്പിൽ അഞ്ച് ലോഡ് (650 ചാക്ക്) അരി കുറവ് കണ്ടെത്തിയതായും തുടർന്ന് ചാർജുള്ളയാളെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഗോഡൗണുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടക്കുന്നതായി മുമ്പും പരാതികൾ ഉണ്ടായിരുന്നു. അന്നും ഒരു ഉദ്യോഗസ്ഥനെതിരെ മാത്രമാണ് നടപടിയുണ്ടായത്. ദീർഘകാലങ്ങളായി ഒരേ തസ്തികയിൽ തുടരുന്ന ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ച് അന്വേഷണം ഉണ്ടാകുന്നില്ലെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെ ഒരേ കേന്ദ്രത്തിൽ ദീർഘകാലം തുടരാൻ അനുവദിക്കുന്നത് അഴിമതിക്ക് കളമൊരുക്കുമെന്ന് നേരത്തേതന്നെ ഉന്നയിച്ചിരുന്നതായി തൊഴിലാളി സംഘടനകൾ പറയുന്നു. കൊച്ചി ഗോഡൗണുമായി ബന്ധപ്പെട്ട് നിരന്തരം ക്രമക്കേടുകൾ ഉണ്ടായിട്ടും സമഗ്ര അന്വേഷണത്തിനും തുടർനടപടിക്കും അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം മൂന്ന് താൽക്കാലിക ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തിയ നടപടിയിൽ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി കെ.കെ. ഭാസ്കരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.