മാവോവാദി കേസ്​: എൻ.ഐ.എ ഒരാളെ അറസ്​റ്റ്​ ചെയ്​തു

കൊച്ചി: ദക്ഷിണേന്ത്യയിൽനിന്നുള്ള യുവാക്കളെ സി.പി.ഐ (മാവോയിസ്​റ്റ്​) സായുധ വിഭാഗമായ പീപ്ൾസ് ലിബറേഷൻ ഗറില്ല ആർമിയിലേക്ക് (പി.എൽ.ജി.എ) റിക്രൂട്ട് ചെയ്​തതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ എൻ.ഐ.എ അറസ്​റ്റ്​ ചെയ്​തു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളി സ്വദേശി ആഞ്ജി, സുധാകർ എന്നീ പേരുകളിൽ അറിയപ്പെട്ട ആഞ്ജനേയലുവിനെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. കൊച്ചിയിൽനിന്നുള്ള എൻ.ഐ.എ സംഘം ആന്ധ്രപ്രദേശിൽനിന്നാണ് ഇയാളെ കസ്​റ്റഡിയിലെടുത്തത്. പിന്നീട് കൊച്ചിയിലെത്തിച്ച് അറസ്​റ്റ്​ രേഖപ്പെടുത്തി. എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്​റ്റഡിയിൽവിട്ടു. ആന്ധ്രപ്രദേശിലെ മാവോവാദി അംഗങ്ങൾ യുവാക്കൾക്ക് സായുധ പരിശീലനം നൽകിയതായും ക്യാമ്പുകൾ സംഘടിപ്പിച്ചതായും എൻ.ഐ.എ ആരോപിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ എൻ.ഐ.എ കൊച്ചി യൂനിറ്റ്​ സ്വമേധയാ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ ആദ്യ അറസ്​റ്റ്​. കേരളത്തിൽ മാവോയിസ്​റ്റ്​ കേസ് അന്വേഷിക്കുന്ന എൻ.ഐ.എക്ക്​ ദക്ഷിണേന്ത്യയിൽനിന്നുള്ള കാഡർ റിക്രൂട്ട്‌മെന്റിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് കേസെടുത്തത്. പ്രതിയെ കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ എൻ.ഐ.എ ഉടൻ കോടതിയെ സമീപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.