വിദേശജോലി വാഗ്​ദാന തട്ടിപ്പിനിരയായവർ കർണാടകയിലും

കളമശ്ശേരി: വിദേശത്ത് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായ പരാതി മറ്റു സംസ്ഥാനങ്ങളിൽനിന്നും. തൃശൂർ മുപ്ലിയം വെള്ളാരംപാടം കിടങ്ങത്ത് വീട്ടിൽ കെ.എം. മോഡി (ജയിംസ് -39) ഉൾപ്പെട്ട വിദേശ ജോലി തട്ടിപ്പ് കർണാടകയിലും നടന്നതായ പരാതി പൊലീസിന് ലഭിച്ചു. മൂന്ന് പേരിൽനിന്ന്​ ആറ് ലക്ഷം തട്ടിയതായാണ് പരാതി. ഇവരോട് കർണാടകയിൽതന്നെ പരാതി നൽകാൻ പറഞ്ഞിരിക്കുകയാണ് ഏലൂർ പൊലീസ്. ആവശ്യമായ സഹായങ്ങൾ നൽകാമെന്നറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രതി പിടിയിലായതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നത്. എരൂർ, ഹിൽപാലസ് ഭാഗത്തുനിന്ന്​ സ്ത്രീകളുടെ പരാതി പൊലീസിന് ലഭിച്ചു. സംസ്ഥാനത്തെ പല ജില്ലകളിൽനിന്നുള്ളവരാണ് തട്ടിപ്പിനിരയായവർ. ജില്ലക്ക് പുറത്തുള്ളവരോട് അവരുടെ പ്രദേശത്തെ സ്റ്റേഷനുകളിൽ പരാതി നൽകാൻ നിർദേശിച്ചിട്ടുണ്ട്​. വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 5.80 ലക്ഷം രൂപ തട്ടിയെടുത്തതായ മഞ്ഞുമ്മൽ സ്വദേശി ഫസലുദ്ദീൻ ഏലൂർ പൊലീസിൽ നൽകിയ പരാതിയിലാണ് മുഖ്യപ്രതി മോഡി പിടിയിലായത്. തിരുവനന്തപുരം സ്വദേശി സഞ്ജു, പാലക്കാട് സ്വദേശി ഹംസ, പട്ടാമ്പി സ്വദേശി മുഹമ്മദ് ഇഖ്ബാൽ എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. റിമാൻഡിലുള്ള മോഡിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.