കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ​ തിരിച്ചേൽപിച്ചു

കളമശ്ശേരി: കളഞ്ഞുകിട്ടിയ സ്വർണമാല നഗരസഭ കൗൺസിലർമാരുടെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരികെ നൽകി യുവാവ്. പുക്കാട്ടുപടി സ്വദേശിനി ഷംല റഹീമിന്‍റെ രണ്ടര പവന്‍റെ മാലയാണ് തിരിച്ചുനൽകി യുവാവ് മാതൃകയായത്. ഇടപ്പള്ളി ടോളിൽ വെച്ചാണ് ഷംലക്ക് മാല നഷ്ടപ്പെട്ടത്. കഴിഞ്ഞ നാലിന് ടോളിൽ സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോഴാണ്​ സംഭവം. ഈസമയം ഇതുവഴി വന്ന കൊറിയർ സർവിസ് നടത്തുന്ന പള്ളുരുത്തി സ്വദേശി നളിൻകുമാർ റോഡിൽ സ്വർണമാല കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. പരിസരത്ത്​ ആരെയും കാണാത്തതിനാൽ മാലയെടുത്ത് സൂക്ഷിക്കുകയും സമീപത്തെ ഗോൾഡൻ പാർക്ക് അപ്പാർട്ട്​മെന്‍റിൽ അറിയിക്കുകയും ചെയ്തു. വീട്ടിലെത്തിയ നളിൻകുമാർ ആദ്യം മാല സ്വർണം തന്നെയാണോ എന്ന് ഉറപ്പുവരുത്തുകയും സഹോദരൻ വിപിനോടൊപ്പം കളമശ്ശേരി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. പിന്നാലെ വിപിൻ കൗൺസിലർ റഫീഖ് മരക്കാറിനെ വിവരമറിയിച്ചു. കൗൺസിലർ അവരുടെ വാട്സ്​ആപ്​ ഗ്രൂപ്പിൽ അറിയിക്കുകയും കൗൺസിലർമാർ മറ്റ്​ ഗ്രൂപ്പുകളിലേക്ക് സന്ദേശം അയക്കുകയും ചെയ്തു. ഇതുവഴി വിവരം ലഭിച്ച കൗൺസിലർ കെ.ടി. മനോജ് വഴി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഷംല റഹീമിന് പൊലീസ് സാന്നിധ്യത്തിൽ നളിൻകുമാർ മാല കൈമാറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.