അരിയുടെ കുറവ്​: അധികൃതർ ഒളിച്ചുകളിക്കുന്നതായി ആരോപണം

മട്ടാഞ്ചേരി: ഭക്ഷ്യവകുപ്പിന്റെ കൊച്ചി എൻ.എഫ്.എസ്.സി ഗോഡൗണിൽ അരിയുടെ കുറവ് കണ്ടെത്തിയ സംഭവത്തിൽ വകുപ്പ് അധികൃതർ ഒളിച്ചുകളിക്കുന്നതായി ആരോപണം. ഒരാളെ സ്ഥലം മാറ്റിയെങ്കിലും കുറ്റക്കാരായ രണ്ട് ജീവനക്കാരെ സംരക്ഷിക്കുന്നതായാണ് ആക്ഷേപം. ഇവിടെ നടക്കുന്ന ക്രമക്കേടുകളിൽ നടപടി നേരിട്ട ജീവനക്കാരനടക്കം മൂന്ന് പേർക്ക് പങ്കുണ്ടെന്നാണ് തൊഴിലാളി സംഘടകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഒരാൾക്കെതിരെ നടപടിയെടുത്ത് ബാക്കിയുള്ളവരെ രക്ഷിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചതെന്നാണ് ആരോപണം. ഇതിൽ ഒരാൾ നേരത്തേ ചായപ്പൊടി തിരിമറിയിൽ നടപടി നേരിട്ടതാണെന്നും പറയുന്നു. നേരത്തേ ഇത്തരത്തിൽ പരാതി ഉയർന്നപ്പോൾ അന്നത്തെ ഏരിയ മാനേജർക്കെതിരെ നടപടിയെടുത്തെങ്കിലും നിലവിൽ ആരോപണ വിധേയരായവർ അന്നും നടപടിയിൽനിന്ന്​ രക്ഷപ്പെട്ടിരുന്നു. പ്രതിവർഷ സ്റ്റോക്കെടുപ്പിൽ അഞ്ച് ലോഡ് (650 ചാക്ക്) അരിയുടെ കുറവാണ്​ കണ്ടെത്തിയത്​. തുടർന്ന് ചുമതലയുള്ളയാളെ സ്ഥലംമാറ്റി. എന്നാൽ, അരിയുടെ കുറവ്​ സംബന്ധിച്ച്​ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാൻ തയാറാകാതായതോടെ പകരം ചുമതല നൽകിയ വനിത ഉദ്യോഗസ്ഥ ചുമതലയേറ്റെടുത്തില്ല. ഉന്നതതല ഇടപെടലിനെ തുടർന്നാണിവർ ഓഫിസ് ചുമതല ഏറ്റെടുത്തതെന്നാണ് അറിയുന്നത്. റേഷൻ കിറ്റുമായി ബന്ധപ്പെട്ട് കൊച്ചി ഡിപ്പോയിൽ ഏഴര ലക്ഷം രൂപയുടെ ചരക്ക് തിരിമറി ആരോപണത്തിന് പിന്നാലെയാണ് സ്റ്റോക്കെടുപ്പിൽ കുറവ് കണ്ടെത്തിയതെന്നത് ഏറെ ഗൗരവമായാണ് ഭക്ഷ്യവകുപ്പ് അധികൃതർ കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.