കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ആകെ ലഭിച്ച 18 നാമനിർദേശ പത്രികകളിൽ എട്ട് പേരുടേത് അംഗീകരിച്ചു. പത്ത് പത്രികകൾ വിവിധ കാരണങ്ങളാൽ തള്ളി. ഡോ. ജോ ജോസഫ്, ഉമ തോമസ്, എ.എൻ. രാധാകൃഷ്ണൻ, ബോസ്കോ ലൂയിസ്, സി.പി. ദിലീപ് നായർ, മന്മഥൻ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, ടി.ടി. അനിൽ കുമാർ എന്നിവരുടെ പത്രികകളാണ് അംഗീകരിച്ചത്. ഡോ. കെ. പത്മരാജൻ, ടി.പി. സിന്ധു മോൾ, എൻ. സതീഷ്, പി. അജിത് കുമാർ, ആർ. വേണുകുമാർ, ജോൺ വർഗീസ്, ടോം കെ. ജോർജ്, സോനു അഗസ്റ്റിൻ, ഉഷ അശോക്, കെ.കെ. അജിത് കുമാർ എന്നിവരുടെ പത്രികകൾ തള്ളി. വരണാധികാരി വിധു എ. മേനോന്റെ നേതൃത്വത്തിൽ രാവിലെ 11ഓടെ ആരംഭിച്ച സൂക്ഷ്മപരിശോധന ഉച്ചക്ക് ഒന്നോടെ പൂർത്തിയായി. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തിയത്. സ്കോൾ കേരള സ്വയംപഠന സഹായികളുടെ വിൽപന ആരംഭിച്ചു കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപന ആരംഭിച്ചു. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യാളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഒന്നും രണ്ടും വർഷത്തെ സ്വയംപഠന സഹായികളുടെ വിൽപനയാണ് ആരംഭിച്ചത്. ഹയർ സെക്കൻഡറി പരീക്ഷക്ക് തയാറെടുക്കാൻ ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പാഠപുസ്തകത്തോടൊപ്പം സ്വയംപഠന സഹായികളും ഉൾപ്പെടുത്താമെന്ന് സ്കോൾ കേരള എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് എറണാകുളം ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0484 2377537.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.