ജില്ലയിലേക്ക് സിന്തറ്റിക് ലഹരിയൊഴുക്ക്

ആലപ്പുഴ: ജില്ലയിൽ സിന്തറ്റിക് മയക്കുമരുന്ന് കടത്തും കേസുകളും വൻതോതിൽ വർധിക്കുന്നു. കേട്ടുകേൾവി ഇല്ലാത്ത മാരക മയക്കുമരുന്നുകളാണ് ആലപ്പുഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പിടികൂടിയത്. പിടിക്കുന്നതിന്‍റെ ഇരട്ടിയാകും വിൽക്കുന്നതെന്നാണ് എക്സൈസ് വകുപ്പ് കണക്കാക്കുന്നത്. കഞ്ചാവ് കേസുകളായിരുന്നു മുമ്പ് ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത്. വീര്യംകൂടിയയിനം മയക്കുമരുന്നുകളാണ് ഇപ്പോൾ പിടികൂടുന്നതിലേറെയും. യുവാക്കളാണ് ഉപയോഗത്തിലും കച്ചവടത്തിലും മുന്നിൽ.

എം.ഡി.എം.എ (മെത്തലീൻ ഡയോക്സിമെതാംഫിറ്റമിൻ) എന്ന മാരക മയക്കുമരുന്നാണ് പിടികൂടുന്നതിലേറെയും. കൊച്ചിയുടെ സമീപപ്രദേശങ്ങളായ ജില്ലയുടെ വടക്കൻ മേഖലകളിലാണ് എം.ഡി.എം.എ കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ജില്ലയുടെ എല്ലാ ഭാഗത്തും വിൽപന സജീവമായി. ബംഗളൂരുവിൽനിന്നാണ് കേരളത്തിലേക്ക് ഇത് വരുന്നത്. ട്രെയിനും ആഡംബര ബസുകളും കടത്താനായി ഉപയോഗിക്കുന്നുണ്ട്. റിസോർട്ടിൽ മുറിയെടുത്ത് എം.ഡി.എം.എ വിൽപന നടത്തിയ 11 പേർ ഹരിപ്പാട്ട് പിടിയിലായത് ആഴ്ചകൾ മുമ്പാണ്. പ്രതികൾ എല്ലാവരും 25 വയസ്സിൽ താഴെയുള്ളവരാണ്. ഗ്രാമിന് 3,000 മുതൽ 5,000 രൂപ വരെ ഈടാക്കിയാണ് വിൽപന.

കായംകുളം രാമപുരത്ത് 17ന് 75 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ബുധനാഴ്ച കായംകുളം ജി.ഡി.എം ഓഡിറ്റോറിയത്തിന് മുന്നിൽനിന്ന് നവദമ്പതികളാണ് 70 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് പിടിയിലായത്. ജില്ലയിൽ ഏറ്റവും കൂടുതൽ അളവിൽ എം.ഡി.എം.എ പിടികൂടിയത് പൂച്ചാക്കലിൽനിന്നാണ്. നാളുകൾ മുമ്പ് 140 ഗ്രാമാണ് കണ്ടെടുത്തത്. മുതുകുളത്തും ആലപ്പുഴയിലും അമ്പലപ്പുഴയിലും യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായിട്ടും അധികനാളായിട്ടില്ല. പിടിയിലാകുന്നതിൽ അധികവും ചെറിയ കച്ചവടക്കാരാണ്. ജില്ലയിൽ കഞ്ചാവ് കേസുകളും വർധിക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ട ജില്ലയിൽ എരമല്ലൂരിലായിരുന്നു. 125 കിലോ കഞ്ചാവുമായി ഹൈടെക് ലോറിയിൽനിന്ന് രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. ആന്ധ്രയിൽനിന്ന് കഞ്ചാവും ഹഷീഷ് ഓയിലും അടക്കം വിവിധ മയക്കുമരുന്നുകൾ മറ്റു ലോഡുകൾക്കൊപ്പം കടത്തുന്നതായിരുന്നു ഇവരുടെ രീതി. പല കേസിലും പിടിയിലായ പ്രതികൾക്ക് വൻ സ്വാധീനവും സാമ്പത്തിക സഹായവും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകരാണ് ഇവർക്കായി കേസുകളിൽ ഹാജരാകുന്നത്.

Tags:    
News Summary - Synthetic intoxication into the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.