ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ആർ.എൽ.ഡി.സി ഏറ്റെടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ആർ.എൽ.ഡി.സി (റെയിൽവേ ലാൻ്റ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ) ഏറ്റെടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ശബരിമല മണ്ഡല മഹോത്സവ റെയിൽവേ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ പി.പി.പി മോഡൽ (പ്രൈവറ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ) നിർമാണ പ്രവർത്തനങ്ങളാണ് നടത്തുക.

സ്പെഷ്യൽ ട്രെയിനുകൾക്ക് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കും. രണ്ടാം പ്ലാറ്റ്ഫോമിൽ ഒരു ലിഫ്റ്റും നിലവിൽ ഉള്ളതു കൂടാതെ ഒരു ആകാശപ്പാത കൂടി നിർമിക്കും. പ്ലാറ്റുഫോമിലെ ചോർച്ച, വെയിറ്റിങ് ഹാളിൻ്റെ ശോച്യാവസ്ഥ എന്നിവ പരിഹരിക്കാൻ നടപടിയുണ്ടാകും.

സ്റ്റേഷനിലെത്തുന്ന വാഹനയാത്രക്കാർക്ക് പോർച്ച് സൗകര്യം ഒരുക്കും. പേരിശ്ശേരി റെയിൽവേ അടിപ്പാതയുടെ ചോർച്ച, വെള്ളക്കെട്ട് എന്നിവ ഒഴിവാക്കും. മറ്റ് വകുപ്പുതല ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സൂം മീറ്റിങ് ഉടൻ തന്നെ ചേരുമെന്ന് എം.പി അറിയിച്ചു.

റെയിൽവേ വക സ്ഥലത്ത് നിന്നും പുറപ്പെടുന്ന മാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്യുന്നതിന് റെയിൽവേയുടെ ഭാഗത്തു നിന്നും നിയമ തടസ്സങ്ങൾ ഒന്നുമില്ലന്ന് എ.ഡി.ആർ.എം പറഞ്ഞു. യോഗത്തിനു ശേഷം എം.പിയും എ.ഡി.ആർ.എമ്മും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് പേരിശ്ശേരിയിലെ റെയിൽവ്വേ അടിപ്പാത സന്ദർശിച്ചു.

റെയിൽവേയും നഗരസഭയും ചേർന്ന് അടിയന്തിര മീറ്റിങ് വിളിക്കാൻ എം.പി. നിർദ്ദേശിച്ചു. നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ, കൗൺസിലർമാരായ കെ. ഷിബു രാജൻ, അശോകൻ പഠിപ്പുരയ്ക്കൽ, അഖില ഭാരതീയ അയ്യപ്പസേവാസംഘം വൈസ് പ്രസിഡൻ്റ് അഡ്വ. ഡി. വിജയകുമാർ, സ്റ്റേഷൻ ഡയറക്ടർ ഡോ. രാജേഷ് ചന്ദ്രൻ,സ്റ്റേഷൻ മാസ്റ്റർ പി.എഫ്. സജി, സീനിയർ സെക്ഷൻ എൻജിനീയർ ജെ.ആർ. അനിൽ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Kodikunnil Suresh MP says RLDC will take over Chengannur railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.