2018ലെ പ്രളയത്തിൽ തകർന്ന് പുനരുജ്ജീവനമില്ലാതെ കിടക്കുന്ന പാണ്ടനാട് ഇടക്കടവ് ഇക്കോ ടൂറിസം പദ്ധതി
ചെങ്ങന്നൂർ: 2018ലെ പ്രളയത്തിൽ തകർന്ന ഇടക്കടവ് ടൂറിസം പദ്ധതി ഇനിയും പ്രവർത്തന ക്ഷമമാക്കിയില്ല. പ്രകൃതിഭംഗിയുടെ മനോഹാരിതയും ബോട്ടിങ്, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഓപൺ തിയറ്റർ, കഫേറ്റീരിയ തുടങ്ങിയവയാണ് ഇവിടെ ഉണ്ടായിരുന്നത്. പമ്പയാറിന്റെ തീരത്തെ പാണ്ടനാട് അഞ്ചാം വാർഡിലെ അഞ്ചര ഏക്കറിലാണ് പാർക്ക്.
കലാമന്ദിരം, നീന്തൽക്കുളം ഉൾപ്പെടെ രണ്ടാംഘട്ട പദ്ധതികൾക്കായി തയാറെടുക്കുമ്പോഴാണ് പ്രളയമെടുത്തത്. സുരക്ഷാചട്ടങ്ങൾ പാലിക്കുന്നില്ലെന്ന കാരണത്താൽ ബോട്ടിങ് ഇടക്ക് നിർത്തിവെച്ചെങ്കിലും അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
പ്രളയത്തിൽ പൂർണമായും തകർന്ന പാർക്ക് പുനരുദ്ധരിക്കാൻ ടൂറിസം വകുപ്പും പഞ്ചായത്തും പലപ്പോഴും പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, എഴുവർഷമായിട്ടും നടപടി ഉണ്ടായില്ല. 2013 മേയ് ഒമ്പനിന് പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാറിനു നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ എം.എൽ.എ പി.സി. വിഷ്ണുനാഥിന്റെ ശ്രമഫലമായാണ് 1.59 കോടി മുടക്കി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കെ.ഐ.ഐ.ഡി.സി) പാർക്കിന്റെ നിർമാണ പ്രവർത്തനം നടത്തി ഡി.ടി.പി.സിക്കു കൈമാറിയത്.
രണ്ടാംഘട്ടം കൂടി നടപ്പാക്കി ഇടക്കടവ് ടൂറിസം പദ്ധതി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രളയത്തിൽ തകർന്നശേഷം സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടവും ഇഴജന്തുകളുടെ ശല്യവുമുള്ള മേഖലയായി മാറിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വീണ്ടും പാർക്ക് പൂർണതോതിൽ സജ്ജമാക്കി തുറന്നുകൊടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.