ചെന്നിത്തല നാലാംമൈൽ ജങ്ഷൻ
ചെങ്ങന്നൂർ: രണ്ടു വീട്ടുപേരുകളിൽ മാത്രം അറിയപ്പെട്ടിരുന്ന തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ ചെന്നിത്തല - തൃപ്പെരുംന്തുറ ഗ്രാമ പഞ്ചായത്തിൽപെട്ട ഒരിപ്രം നാലാംമൈൽ ജങ്ഷനും പറയാനുണ്ട് ഒരുചരിത്രം. 44 വർഷങ്ങൾക്കുമുമ്പ് നാൽക്കവലയെന്ന് അറിയപ്പെട്ടിരുന്നത് റോഡിന് കിഴക്കുവശത്തെ വീടായ കൊച്ചുനാലേത്ത് പടിയെന്നും പടിഞ്ഞാറു ഭാഗത്തെ കടകംപള്ളിൽ (കടാമ്പള്ളിൽ പടി) എന്നുമായിരുന്നു. മാവേലിക്കര-മാന്നാർ റൂട്ടിൽ നാലാമത്തെ മൈൽകുറ്റി ഇവിടെയായിരുന്നു സ്ഥാപിച്ചിരുന്നത്.
1968 കാലഘട്ടത്തിൽ ഇതുവഴി സ്വകാര്യ ബസുകൾ മാത്രമാണ് ഓടിയിരുന്നത്. അന്ന് ഫെയർ സ്റ്റേജ് പുനർ നിർണയിച്ചപ്പോൾ യാത്രാനിരക്ക് രണ്ട് ഫർലോങ് തെക്കുഭാഗത്തുള്ള പുത്തുവിളപ്പടിയാക്കി. മാവേലിക്കരനിന്നുള്ള ഫുൾ ടിക്കറ്റ് 20 പൈസക്ക് അവിടെ വരെ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.
രണ്ട് ഫർലോങ്ങ് മാത്രം ദൂരമുള്ള ഇവിടെയിറങ്ങണമെങ്കിൽ അടുത്ത പോയൻറിന്‍റെ പൈസ കൂടി നൽകണം. തൊട്ടുവടക്കുള്ള മാന്നാർ പഞ്ചായത്തിലെ കുട്ടമ്പേരൂർ കോയിക്കൽ മുക്കിൽനിന്നും മാന്നാറിനുള്ള ടിക്കറ്റ് നിരക്ക് അന്ന് 10 പൈസമാത്രമായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി.
മാവേലിക്കര ബിഷപ് മൂർ കോളജിൽ പഠിക്കുന്ന തദ്ദേശവാസികളായ വിദ്യാർഥികളും നാട്ടുകാരും ചെന്നിത്തല-തൃപ്പെരുംന്തുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോട്ടപ്പുറത്ത് ചാണ്ടപ്പിള്ളയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പിൻബലമില്ലാതെ, ബസ് തടയൽ സമരം നടത്തി. ഇതിനായി അച്ചടിച്ചു വിതരണം ചെയ്ത നോട്ടീസിലാണ് ആദ്യമായി നാലാംമൈൽ എന്നുചേർക്കുന്നത്.
ക്രമസമാധാനഭംഗം ഉണ്ടാകാതിരിക്കാൻ മാന്നാറിൽനിന്നും പൊലീസുമെത്തി. തുടർന്ന് സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചയിൽ 'നാലാംമൈൽ' എന്ന പേർ അംഗീകരിച്ച് ഫെയർ സ്റ്റേജ് പുനർ നിർണയിച്ചതോടെ സമരം വിജയിച്ചു.
ചെന്നിത്തല പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളുടെ സംഗമ സ്ഥാനമായ ഈ നാൽക്കവലയിൽ, ഇരമത്തൂർ - കുട്ടമ്പേരൂർ എന്നീ പ്രദേശങ്ങളിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർ ബസ് യാത്രക്കായി എത്തിച്ചേരുന്നു. കാലാന്തരത്തിൽ കല്ലുംമൂടും-കോയിക്കൽ മുക്കും ഫെയ്ർസ്റ്റേജായി മാറിയെങ്കിലും നാലാം മൈൽ എന്ന പേരിന് മാറ്റമില്ലാതെ ജനമനസ്സുകളിൽ നിന്നും മായാതെ നിലനിൽക്കുന്നുവെന്നതാണ് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.