representational image

ആംബുലൻസ് ഡ്രൈവറേയും നഴ്​സിനെയും ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

ചെങ്ങന്നൂർ: കോവിഡ് രോഗിയെ എടുക്കാൻ പോയ 10 8 ഐ.സി യു ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും നേരെ ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ആംബുലൻസ് ഡ്രൈവറെയും പുരുഷ നഴ്സിനെയും ഒരു സംഘം ഓട്ടോ ഡ്രൈവർമാർ ആക്രമിച്ച് ജോലി തടസപ്പെടുത്തിയതായാണ്​ പരാതി.

എൻ.ആർ.എച്ച്.എം ആലപ്പുഴ കൺട്രോൾ റൂമിന്‍റെ കീഴിലുള്ള ആംബുലൻസ് ഡ്രൈവർ അമ്പലപ്പുഴ, കാക്കാഴം പുത്തൻ വീട്ടിൽ സുധീർ (35 ), നഴ്‌സ് ചെങ്ങന്നൂർ മുളക്കുഴ, കൊഴുവല്ലൂർ വിഷ്ണുഭവനത്തിൽ അഖിൽ വി. നായർ (22 ) എന്നിവർക്കു നേരെ ചെങ്ങന്നൂരിലെ ഒരു സംഘം ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് കൈയ്യേറ്റം നടന്നത്. കഴിഞ്ഞ ദിവസം ഉച്ച ഒരു മണിയോടെ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്​ മുമ്പിൽ എം.സി റോഡിലാണ് സംഭവം.

രണ്ടാം തല കോവിഡ് ചികിത്സാ കേന്ദ്രമായ മുളക്കുഴ സെഞ്ച്വറി ആശുപത്രിയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അത്യാസന്ന നിലയിലായ രണ്ട് രോഗികളെ അടിയന്തരമായ മാറ്റുന്നതിനു വേണ്ടി ആലപ്പുഴയിൽ നിന്നും എത്യാതിയതായിരുന്നു ആംബുലൻസ്.

ആംബുലൻസ് മാർഗ തടസമായ ലോറിയെ മറികടന്നു വരുന്നതിനിടെ റോഡരികിലെ സ്റ്റാൻഡിൽ കൂടി നിന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ഓരം ചേർന്നാണ് മുന്നോട്ടു പോയത്. ഇതിൽ ക്ഷുഭിതനായ ഒരു ഓട്ടോ ഡ്രൈവർ അസഭ്യം പറഞ്ഞ് ആംബുലൻസ് ഡ്രൈവർക്ക്​ നേരെ പാഞ്ഞടുക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ആംബുലൻസിന് സമീപത്തേക്ക് കൂടുതൽ ഡ്രൈവർമാരെത്തി കൈയേറ്റത്തിന് ശ്രമിക്കുകയും വാഹനത്തിന്‍റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു.

നാട്ടുകാരുടെ ഇടപ്പെടലിലാണ് ഇരുവരെയും മോചിപ്പിച്ചത്. തുടർന്ന് രോഗിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ച ശേഷം ആരോഗ്യ വകുപ്പ് മേലധികാരികളുടെ നിർദ്ദേശപ്രകാരം ഡ്രൈവറും നഴ്സും ചെങ്ങന്നൂർ സ്റ്റേഷനിൽ പരാതി നൽകി.  പൊലീസ്​ ഡ്രൈവർമാരുടെ മൊഴിയെടുത്തു. എതിർ സൈഡിൽ കൂടി കയറി വന്നതിനെ തുടർന്നാണ് ആംബുലൻസിലുള്ളവരോട് ചോദിച്ചതെന്നും, ഉടൻ തന്നെ വാഹനം നിർത്തി ഇവർ ഇറങ്ങി വന്ന് തങ്ങളോട് കയർത്തെന്നുമാണ് ഓട്ടോക്കാർ പറയുന്നത്​.

Tags:    
News Summary - ambulance driver and nurse were allegedly assaulted by auto drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.