ക​രി​ങ്ങാ​ലി​ച്ചാ​ൽ പു​ഞ്ച​യി​ലെ കൊ​ട്ട​വ​ഞ്ചി സ​വാ​രി

പ്രകൃതിയെ അടുത്തറിഞ്ഞ് കൊട്ടവഞ്ചി സവാരി

ചാരുംമൂട്: കൊട്ടവഞ്ചിയിലൂടെ സവാരി ചെയ്ത് പ്രകൃതിഭംഗി ആസ്വദിക്കാന്‍ ചുറ്റിക്കറങ്ങണമെന്നില്ല. നേരെ പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിലേക്ക് എത്തിയാല്‍ മതി. കാവും കുളങ്ങളും പാടങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതിരമണീയ കാഴ്ചകൾ കണ്ടശേഷം കരിങ്ങാലിച്ചാൽ പുഞ്ചയിലൂടെ കൊട്ടവഞ്ചി സവാരിയും നടത്തി മനം നിറഞ്ഞ് തിരികെ പോകാം. പുഞ്ചക്ക് നടുവിലൂടെ ചെറുകുളിരോളങ്ങളെ തഴുകി കൊട്ടവഞ്ചിയിൽ ഒരുതുഴയൽ എന്നും ഓർത്തുവെക്കാൻ കഴിയും. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ പാലമേൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ശാന്തിഗിരി വില്ലേജ് ടൂറിസം സെന്റർ എന്ന സ്വകാര്യ കൂട്ടായ്മയാണ് കൊട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്. കൊട്ടവഞ്ചി സവാരി, പെഡൽ ബോട്ടിങ്, ഫൈബർ വള്ളം എന്നിവയിൽ യാത്രക്കാർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. യാത്രയിൽ പച്ചപ്പും തണലും ഇവിടെ മതിവരുവോളം ആസ്വദിക്കാം.

പുഞ്ചയുടെ ഓരത്ത് സന്ദർശകർക്ക് ഇരിക്കാൻ ഇരിപ്പടങ്ങളും ലഘു ഭക്ഷണശാലയും സുരക്ഷാഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൊട്ടവഞ്ചി സവാരിക്ക് ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. കൊട്ടവഞ്ചി സവാരിയിൽ പങ്കെടുക്കാൻ ദിവസേന നിരവധി പേരാണ് എത്തുന്നത്. എല്ലാദിവസവും വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെയാണ് സഞ്ചാര സമയം. ജില്ലയിൽ പാലമേൽ-നൂറനാട് ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ പന്തളം മുനിസിപ്പാലിറ്റിയിലുമായി വ്യാപിച്ചുകിടക്കുന്ന അതിമനോഹര പാടശേഖരമാണ് കരിങ്ങാലിച്ചാൽ, പെരുവേലിച്ചാൽ പുഞ്ചകൾ. കരിങ്ങാലിച്ചാൽ പാടത്തിന്റെ വിവിധ ഭാഗങ്ങൾ കാക്കത്തുരുത്തുപോലുള്ള വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്.

പാടത്തിനും തുരുത്തിനും കരപ്രദേശത്തിനും ഇത്തരത്തിൽ വേറിട്ട നിരവധി പേരുകളുണ്ട്. പ്രധാനപ്പെട്ട നീർത്തടമായ കരിങ്ങാലി പുഞ്ച ദേശാടനപ്പക്ഷികളുടെ പറുദീസകൂടിയാണ്. പക്ഷിനിരീക്ഷകരുടെ ഇഷ്ടസങ്കേതമായ ഇവിടെ അപൂർവങ്ങളായ ദേശാടനപ്പക്ഷികൾ പതിവായെത്തുന്നു. നീർപ്പക്ഷി കണക്കെടുപ്പിനുശേഷം നടന്ന തുടർപഠനങ്ങളിൽ അപൂർവ ദേശാടകരായ പക്ഷികളെയും കരിങ്ങാലി പുഞ്ചയിൽ കണ്ടെത്തിയിരുന്നു. നൂറനാട്, പാലമേൽ പഞ്ചായത്തുകളിലും കരിങ്ങാലി പുലിമേൽ പുഞ്ചകളിലും പരിസരത്തെ മറ്റു നെൽപാടങ്ങളിലും സമൃദ്ധമായി ലഭിക്കുന്ന ചെറുമീനുകളാണ് ദേശാടനക്കിളികളുടെ മുഖ്യഭക്ഷണം. 1987ൽ നൂറനാട്ട് പതിനായിരത്തിലധികം നീർപ്പക്ഷികൾ കൂടൊരുക്കിയതായി കണ്ടെത്തിയിരുന്നു. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിൽ നൂറനാട്ടെ പക്ഷികളെപ്പറ്റിയുള്ള പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.എസ്.സി ചോദ്യക്കടലാസിൽ പല തവണ നൂറനാട് പക്ഷി ഗ്രാമത്തെപറ്റിയുള്ള ചോദ്യം ഉണ്ടായിരുന്നു. ടൂറിസം പദ്ധതിയിൽ ഈ പ്രദേശങ്ങൾകൂടി മാവേലിക്കര ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.

Tags:    
News Summary - Getting to know nature better

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.