ചാരുംമൂട്​ സംഘർഷം: ബ്ലോക്ക്​ പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റടക്കം ഒമ്പതുപേർ കൂടി അറസ്​റ്റിൽ

ചാരുംമൂട്: കോൺഗ്രസ്-സി.പി.ഐ സംഘർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറടക്കം ഒമ്പത് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർകൂടി അറസ്റ്റിൽ. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി.ഐയിലെ സിനുഖാൻ, എ.ഐ.വൈ.എഫ് ചാരുംമൂട് മണ്ഡലം സെക്രട്ടറി അനു ശിവൻ, പ്രസിഡന്‍റ് അമ്പാടി, മാവേലിക്കര മണ്ഡലം സെക്രട്ടറി വിപിൻദാസ്, പ്രസിഡൻറ് അംജാദ്, ഷാനു മസൂദ്, അനു കാരക്കാട്, മുരളികൃഷ്ണൻ, അരുൺ കരിമുളയ്ക്കൽ എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, സംഭവത്തിൽ പൊലീസ് പ്രതിചേർത്ത അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോളമൻ സ്റ്റേഷനിലെത്തി ജാമ്യമെടുത്തു.

കഴിഞ്ഞ ദിവസം കോൺഗ്രസ്, സി.പി.ഐ പ്രവർത്തകരായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ അക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെ കണ്ടാലറിയാവുന്നവരടക്കം 350ലധികം പേർക്കെതിരെയാണ് കേസ്. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫിസിനു മുന്നിൽ സി.പി.ഐ പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. ആദ്യം സി.പി.ഐ പ്രവർത്തകർ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നീക്കിയിരുന്നു. തുടർന്ന് സി.പി.ഐ പ്രവർത്തകർ വീണ്ടും കൊടിമരം സ്ഥാപിച്ചു. ബുധനാഴ്ച വൈകീട്ട് കൊടിമരം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ എത്തിയത്. കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കാൻ ശ്രമിക്കുകയും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകർ രംഗത്തിറങ്ങുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പൊലീസ് ഇടപെട്ടെങ്കിലും ഇരുഭാഗത്തെയും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്ന് കല്ലേറും തമ്മിൽതല്ലുമുണ്ടായി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകർക്കുകയും ചെയ്തു. അക്രമത്തിൽ കോൺഗ്രസ്-സി.പി.ഐ പ്രവർത്തകരും പൊലീസും ഉൾപ്പെടെ 25ലധികം പേർക്കാണ് പരിക്കേറ്റത്.

Tags:    
News Summary - Charummoodu clash: Nine others, including block panchayat vice-president, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.