ഗുണമേന്മ തർക്കം; മഴ: കുട്ടനാട്ടിൽ നെല്ല്​ സംഭരണം അവതാളത്തിൽ

കൊയ്ത്ത് കഴിഞ്ഞപ്പോൾ പറയാനുള്ളത് നഷ്ടക്കണക്ക്​ ആലപ്പുഴ: അപ്രതീക്ഷിത മഴ, വിളവ്​ കുറവ്​ എന്നിവക്ക്​ പിന്നാലെ മിക്ക പാടശേഖരങ്ങളിലും സംഭരണവും വൈകിയതോടെ കുട്ടനാട്​ കർഷകർ കണ്ണീരിൽ. വിതച്ചതിന്റെ മൂന്നിലൊന്നുപോലും വിളവുകിട്ടാത്ത സ്ഥിതിയാണ്​ കാലാവസ്ഥമാറ്റം വരുത്തിയത്​. കൊയ്യാറായി നിൽക്കെ അപ്രതീക്ഷിതമായെത്തിയ വേനൽമഴ നെല്ല് വെള്ളത്തിലാക്കി. അരി എല്ലാവർക്കും വേണം, പക്ഷേ നെല്ല് ആർക്കും വേണ്ട എന്നതാണ്​ അവസ്ഥ. കിട്ടിയ വിളവെങ്കിലും പെട്ടെന്ന് സംഭരിച്ചാൽ അത്രയും കുറച്ചു നഷ്ടം സഹിച്ചാൽ മതിയല്ലോ എന്ന് ആശ്വസിച്ചിരുന്ന കർഷകർക്ക് സംഭരണം നീളുന്നത് പ്രഹരമായി. നെല്ലിന്റെ ഗുണമേന്മയെച്ചൊല്ലി മില്ലുടമകൾ വിലകുറക്കൽ തന്ത്രം പയറ്റുന്നതും കർകനെ കണ്ണീരിലാക്കുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കം കാരണം അപ്പർകുട്ടനാട്ടിൽ നെൽകൃഷി താമസിച്ചാണ് തുടങ്ങിയത്. ഈ സാഹചര്യത്തിൽ വേനൽമഴ വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. മഴ തുടങ്ങിയാൽ മില്ലുടമകൾ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്ന പതിവുണ്ട്. 100 കിലോ നെല്ലിന് രണ്ട്​ കിലോ മുതൽ പത്തും പതിന‍ഞ്ചും കിലോ വരെ കിഴിവാണ്​ ആവശ്യപ്പെടുന്നത്​. ചില പാഡി ഓഫിസർമാർ മില്ലുകാരെ സഹായിക്കുന്ന നിലപാട്​ സ്വീകരിക്കുന്നതായും ആക്ഷേപമുണ്ട്. അപ്പർ കുട്ടനാട് മേഖലയിൽ ജ്യോതി വിത്ത് വിതച്ച കർഷകർക്ക്​ നെല്ല് വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ നെല്ല് എടുക്കാൻ സാധിക്കില്ലെന്നാണ്​ മില്ലുടമകളുടെ നിലപാട്​. വാഹനങ്ങളുടെ ലഭ്യത കുറവാണ്​ സംഭരണം ഇഴയുന്നതിന്​ പറയുന്ന മറ്റൊരു കാരണം. ജില്ലയിൽ ഇത്തവണ പുഞ്ചകൃഷി ഇറക്കിയ 26,500 ഹെക്ടറിലെ 90 ശതമാനം സ്ഥലത്തെയും വിളവെടുപ്പ് പൂർത്തിയായിട്ടുണ്ട്. കൊയ്തിട്ട നെല്ല് പാടത്ത് കൂട്ടി കർഷകർ കാവലിരിക്കുകയാണ്. തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന 26 പാടശേഖരങ്ങളിൽ കൊയ്ത്ത്​ നടന്ന ഭൂരിഭാഗം പാടത്തും നെല്ല് സംഭരണം നടന്നിട്ടില്ല. എടത്വ കൃഷിഭവൻ പരിധിയിൽ മാത്രം 2500ൽപരം ക്വിന്റൽ നെല്ല് സംഭരണം കാത്തുകിടക്കുകയാണ്. തകഴി കൃഷിഭവൻ പരിധിയിലെ കരിയാർ മുടിയിലക്കരി പാടത്ത് 386 ഏക്കറിൽ കൊയ്ത്ത് പൂർത്തിയായിട്ട് 10 ദിവസം കഴിഞ്ഞു. കൊയ്ത കുന്നുമ്മ പടിഞ്ഞാറു പാടത്ത് 200 ഏക്കറിലെ നെല്ലാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. സംഭരണം ജൂൺ 15 വരെ നീളാൻ സാധ്യത ആലപ്പുഴ: വേനൽമഴ വില്ലനായതോടെ ജില്ലയിലെ നെല്ല്​ സംഭരണം ജൂൺ പകുതിയോളം നീണ്ടേക്കും. വേനൽമഴക്ക്​ പുറമെ, ചില പാടങ്ങളിൽ വിതക്കാൻ വൈകിയതും മില്ലുകാരുമായുള്ള തർക്കവുമാണ് ഈ മാസം പൂർത്തിയാകേണ്ടിയിരുന്ന സംഭരണം അടുത്ത മാസത്തേക്കു കൂടി നീട്ടേണ്ട സ്ഥിതി സംജാതമാക്കിയതെന്ന്​ സപ്ലൈകോ അധികൃതർ പറഞ്ഞു. 1,20,000 മെട്രിക് ടൺ ആയിരുന്നു ഇത്തവണ ജില്ലയിൽനിന്ന് പ്രതീക്ഷിച്ചിരുന്ന വിളവെങ്കിലും മഴ പ്രതികൂലമായതിനാൽ ഇത് ലഭിച്ചില്ല. ദിവസേന 1500 മെട്രിക് ടൺ എന്ന കണക്കിൽ 86,000 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇനി 13,000 മെട്രിക് ടൺ സംഭരിക്കാൻ ബാക്കിയുണ്ടാകുമെന്നാണു കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.