സമൂഹവ്യാപന ഭീതിയിൽ നാട്; പ്രതിഷേധത്തിരക്കിൽ സുരക്ഷ മറന്ന് പാർട്ടികൾ

കൊല്ലം: ജില്ലയിൽ സമൂഹവ്യാപന ഭീതി തുടരുമ്പോഴും ഇതെല്ലാം അവഗണിച്ച് ആൾക്കൂട്ട പ്രതിഷേധങ്ങളൊരുക്കി രാഷ്​ട്രീയപാർട്ടികൾ. ദിനംപ്രതി നിരവധി ആളുകൾ എത്തുന്ന ഭരണസിരാകേന്ദ്രങ്ങൾക്ക് മുന്നിലാണ് പ്രതിഷേധസമരങ്ങളത്രയും നടക്കുന്നതെന്നത് സുരക്ഷാവീഴ്ചയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിലേറെയും. കഴിഞ്ഞദിവസം കൊല്ലം കോർപറേഷൻ ഓഫിസിന് മുന്നിൽ പ്രതിപക്ഷനേതാവിനെ പങ്കെടുപ്പിച്ച് നടത്തിയ സത്യഗ്രഹപരിപാടി വലിയ ആൾക്കൂട്ടമാണ് സൃഷ്​ടിച്ചത്. പലരും മാസ്ക്​ പോലും ധരിച്ചില്ല. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ഇതുതന്നെയാണ് അവസ്ഥ. 36 പേരാണ് ജില്ലയിൽ സമ്പർക്കംവഴി കോവിഡ് ബാധിതരായത്. ഇതിൽ അഞ്ച് പേരുടേത് ഉറവിടമറിയാത്ത രോഗബാധയായിരുന്നു. രോഗികളുടെ എണ്ണത്തിലും ഓരോദിവസവും വർധനയാണ്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടം ആവർത്തിക്കുമ്പോഴും ഇത്തരം ആൾക്കൂട്ട പ്രതിഷേധങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകുന്നില്ല. ആദ്യഘട്ടത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തപ്പോൾ പിന്നീട് ഇളവുകളുടെ മറവിൽ പൊലീസ് നടപടി അവസാനിപ്പിച്ചു. രോഗവ്യാപനത്തിൻെറ തോത് വലുതാവുന്നത് കണക്കിലെടുത്ത് ഇത്തരം പ്രതിഷേധപരിപാടികൾ നിയന്ത്രിക്കാൻ ജില്ല ഭരണകൂടം നടപടിയെടുക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.