കോഴിക്കോട്: ‘ഡു ഓർ ഡൈ’ എന്ന അവസ്ഥയിലാണ് ഇത്തവണ കോഴിക്കോട് കോർപറേഷനിൽ യു.ഡി.എഫിന്റെ പോരാട്ടം. എൽ.ഡി.എഫിന്റെ ഭരണത്തിന് നാലരപ്പതിറ്റാണ്ടിന്റെ തുടർച്ചയുണ്ട്. ഒരിക്കൽപോലും ഭരണം യു.ഡി.എഫിന് പിടിച്ചെടുക്കാനായില്ല. ഇത്തവണ പക്ഷേ, എന്തു വിലകൊടുത്തും ഭരണത്തിലേറാനുള്ള കഠിനശ്രമത്തിലാണ് ഐക്യ ജനാധിപത്യ മുന്നണി. ഇടതു മുന്നണിയാകട്ടെ, തങ്ങളുടെ ഉരുക്കുകോട്ട തകർക്കാൻ യു.ഡി.എഫ് വളർന്നിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ്.
75 വാർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ ഇത്തവണ എണ്ണം 76 ആയി. നിലവിൽ എൽ.ഡി.എഫിന് 50ഉം യു.ഡി.എഫിന് 18ഉം ബി.ജെ.പിക്ക് ഏഴും അംഗങ്ങളാണ് കൗൺസിലിൽ ഉള്ളത്. 2010ൽ കോർപറേഷനിൽ 34 സീറ്റ് വരെ യു.ഡി.എഫ് നേടിയിരുന്നു. 2015ലും 2020ലും യു.ഡി.എഫ് അംഗങ്ങളുടെ എണ്ണം 18 ആയി ചുരുങ്ങി. അതേസമയം, ബി.ജെ.പിക്ക് 2015ലും 20ലും ഏഴ് സീറ്റുകൾ വീതം ലഭിച്ചു.
22 വാർഡുകളിൽ കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാംസ്ഥാനത്തുണ്ട്. സീറ്റ് വലിയതോതിൽ വർധിക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. ബി.ജെ.പി സീറ്റ് വർധിപ്പിച്ചാൽ യു.ഡി.എഫിന്റെ മോഹം പൊളിയുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. വാർഡ് പുനർവിഭജനം എൽ.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായി എന്ന ആരോപണം യു.ഡി.എഫ് നേരത്തേ ഉന്നയിച്ചിട്ടുണ്ട്. ഇത്തവണ 50 വാർഡുകളിൽ കോൺഗ്രസും 23 വാർഡുകളിൽ മുസ്ലിം ലീഗും മത്സരിക്കുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസ് ഇത്തവണ നേരത്തേ കളത്തിലിറങ്ങി, താഴേതട്ടിൽ പ്രവർത്തനം സജീവമാക്കി.
ലീഗിന് പക്ഷേ, അതു സാധിച്ചില്ല. മുമ്പെങ്ങുമില്ലാത്ത വിധം പാർട്ടിയിൽ സീറ്റിനായി പിടിവലിയുണ്ടായി. മത്സരം ചൂടുപിടിക്കുമ്പോഴേക്കും ലീഗ് ഉന്മേഷം തിരിച്ചുപിടിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധായകൻ വി.എം. വിനുവിനെ യു.ഡി.എഫ് മേയർ സ്ഥാനാർഥിയായി കളത്തിലിറക്കിയെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പിന്മാറേണ്ട ദയനീയാവസ്ഥയുണ്ടായി. എൽ.ഡി.എഫിനെതിരെ കുറ്റപത്രമിറക്കിയാണ് യു.ഡി.എഫ് അങ്കത്തട്ടിൽ പോര് കനപ്പിക്കുന്നത്.
പാർക്കിങ്, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കെട്ടിട നിർമാണ പെർമിറ്റിൽ ഉൾപ്പെടെ നടന്ന വൻ അഴിമതി, ജനകീയ സമരങ്ങളെ അടിച്ചമർത്തൽ തുടങ്ങിയവയാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ. എൽ.ഡി.എഫ് ആവട്ടെ നഗരറോഡ് വികസനം, ബീച്ച് ഉൾപ്പെടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുണ്ടായ വികസനം, കല്ലുത്താൻ കടവ് ന്യൂ പാളയം പച്ചക്കറി മാർക്കറ്റ് നിർമാണം തുടങ്ങിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഭരണത്തുടർച്ചക്കായി അങ്കം കുറിക്കുന്നത്. കോർപറേഷന്റെ പ്രധാന പദ്ധതികളെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ളതാണെന്നും സർവത്ര അഴിമതിയാണെന്നുമാണ് ബി.ജെ.പി പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.