മരവിപ്പിച്ച വൈദ്യുതി വ്യാഴാഴ്ച മുതല്‍ കിട്ടണം; അല്ളെങ്കില്‍ ലോഡ്ഷെഡിങ്ങിലേക്ക്

കൊച്ചി: വരും മാസങ്ങളില്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താതിരിക്കണമെങ്കില്‍ കരാറായ സ്വകാര്യ വൈദ്യുതി മൂന്ന് ദിവസത്തിനുള്ളില്‍ കിട്ടിത്തുടങ്ങണമെന്നും ഇതിന് അടിയന്തര തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാറിന് വൈദ്യുതി ബോര്‍ഡിന്‍െറ കത്ത്. വൈദ്യുതി വാങ്ങുന്നതിന് സ്വകാര്യ കമ്പനികളുമായി നേരത്തേതന്നെ കാരാറുണ്ടാക്കിയിരുന്നു. എന്നാല്‍, ഡിസംബര്‍ ഒന്നുമുതല്‍ ലഭിക്കേണ്ട വൈദ്യുതി വിഹിതം അടക്കം റെഗുലേറ്ററി കമീഷന്‍ തടഞ്ഞിരിക്കുകയാണ്. കരാര്‍ പ്രകാരം വ്യാഴാഴ്ച മുതല്‍ ദിനേന 115 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് അധികമായി ലഭിക്കേണ്ടത്. എന്നാല്‍, ഇതുള്‍പ്പെടെയുള്ള വാങ്ങല്‍ കരാറാണ് അനിശ്ചിതത്വത്തിലായത്.  കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ കാരാറുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് മരവിപ്പിച്ചത്.

മാസങ്ങള്‍ നീണ്ട ഇടപെടല്‍ ഫലം കാണാതെവന്നതോടെ ബോര്‍ഡ് കേന്ദ്രത്തിന്‍െറ സഹായം തേടി. എന്നാല്‍, അപേക്ഷ വെച്ചുതാമസിപ്പിച്ച് തീരുമാനം സംസ്ഥാന സര്‍ക്കാറിന് വിടുകയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഊര്‍ജമന്ത്രാലയം ചെയ്തത്. ഈ സാഹചര്യത്തിലാണ് അഞ്ചുദിവസം മുമ്പ് സര്‍ക്കാറിന് ബോര്‍ഡ് ചെയര്‍മാന്‍ കത്ത് നല്‍കിയത്. മരവിപ്പിച്ചതില്‍ ഉള്‍പ്പെടുന്ന 450 മെഗാവാട്ടിന്‍െറ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ അടുത്ത ഒക്ടോബര്‍ വരെ സമയമുണ്ട്. അതേസമയം, 115 മെഗാവാട്ട് വ്യാഴാഴ്ച മുതല്‍ കിട്ടിയില്ളെങ്കില്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ഇതോടെ സംസ്ഥാനം ലോഡ്ഷെഡിങ്ങിലേക്കാകും പോവുകയെന്നാണ് കത്തിലെ മുന്നറിയിപ്പ്.

തുലാവര്‍ഷം തീര്‍ത്തും പെയ്യാതിരുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി രൂക്ഷമായത്. ഇത് മറികടക്കാന്‍ പ്രത്യേകമായി വാങ്ങുന്ന വൈദ്യുതി മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് കിട്ടിത്തുടങ്ങുക. അതുവരെ പിടിച്ചുനില്‍ക്കാന്‍ നേരത്തേ അനുമതി ലഭിച്ച 300 മെഗാവാട്ടിന് പുറമെ 115 മെഗാവാട്ട് വൈദ്യുതി സ്വകാര്യ കമ്പനിയില്‍നിന്ന് വാങ്ങിയേ തീരൂ എന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. ആവശ്യം അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് ബോര്‍ഡ് ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    
News Summary - load shedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.