കോഴിക്കോട്: ജെ.ഡി.എസിൽ ലയിക്കാനുള്ള നീക്കത്തിൽനിന്ന് എൽ.ജെ.ഡി പിറകോട്ട് പോകുന്നതായി സൂചന. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട്ട് വ്യാഴാഴ്ച ചേർന്ന സംസ്ഥാന നേതൃയോഗം ലയന ചർച്ചകൾ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു.
ദേശീയതലത്തിൽ ആർ.ജെ.ഡി, ജെ.ഡി.യു എന്നിവയിൽ ഏതെങ്കിലുമൊരു പാർട്ടിയുമായി ലയിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ ശ്രേയാംസ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബി.ജെ.പി സഖ്യം അവസാനിപ്പിച്ച സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിൽ ലയിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നതായാണ് വിവരം. ദേശീയ അധ്യക്ഷന്‍ ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എല്‍.ജെ.ഡി ദേശീയാടിസ്ഥാനത്തില്‍ ആര്‍.ജെ.ഡിയില്‍ ലയിച്ചപ്പോള്‍ സംസ്ഥാന ഘടകം പിന്തുണച്ചിരുന്നില്ല.
എന്നാല്‍, എല്‍.ജെ.ഡി എന്ന പേരില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മറ്റൊരു സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ലയിക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരമാണ് ജെ.ഡി.എസുമായി ലയന ചർച്ചകൾ നടത്തിയത്. പാർട്ടിയിൽ വിഭാഗീയത ശക്തമായതോടെ ചർച്ചകൾ മുടങ്ങുകയായിരുന്നു. സംസ്ഥാന നേതൃയോഗത്തിൽ വി. സുരേന്ദ്രൻപിള്ള, വി. കുഞ്ഞാലി, ചാരുപാറ രവി, സണ്ണി തോമസ്, സലീം മടവൂർ, എ.കെ. ഭാസ്കരൻ, എം.കെ. പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.