ഉരുൾ ദുരന്തം; ആടിനെയും പശുവിനെയും പോറ്റി ഇനിയവർക്ക് അതിജീവനം

കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ ഇരകൾക്ക് മൃഗസംരക്ഷണ മേഖലയിൽ 90.16 ലക്ഷത്തിന്റെ വിവിധ ഉപജീവന പദ്ധതികൾ. ഉരുൾപൊട്ടൽ ബാധിച്ച ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും വിശദമായി പഠിച്ച് പരിഹാരം നിർദേശിക്കുന്ന കുടുംബശ്രീയുടെ മൈക്രോപ്ലാൻ പ്രകാരമാണ് അതിജീവിതർക്ക് ആട്, കോഴി, പശു വളർത്തലിനായി സർക്കാർ 90,16,600 രൂപ അനുവദിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഈ തുക വയനാട് കലക്ടർക്കും തുടർന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർക്കും കൈമാറും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലുള്ളവരെയാണ് ദുരന്തം ബാധിച്ചത്. ഇവരുടെ കുടുംബാധിഷ്ഠിത മൈക്രോ പ്ലാന്‍ തയാറാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി സർക്കാർ കുടുംബശ്രീയെയാണ് നിയോഗിച്ചത്.

ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുകയാണ് ലക്ഷ്യം. ദുരന്തത്തിൽ ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 171 വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവഹാനിയുണ്ടായി. 110 ഹെക്ടറില്‍പ്പരം കൃഷിഭൂമിയാണ് നഷ്ടമായത്. ഇത് കണക്കിലെടുത്താണ് മൃഗസംരക്ഷണ മേഖലയിൽ അതിജീവിതർക്ക് ഉപജീവനപദ്ധതിയൊരുക്കുന്നത്.

ഉപജീവനപദ്ധതി ഇങ്ങനെ

25 കോഴികളടങ്ങുന്ന യൂനിറ്റ് : 36 കുടുംബങ്ങൾ: 10,53,000 രൂപ

അഞ്ചുകോഴികളടങ്ങുന്ന യൂനിറ്റ്: രണ്ട് കുടുംബങ്ങൾ: 5200 രൂപ

10 കോഴികളടങ്ങുന്ന യൂനിറ്റ്: അഞ്ചുകുടുംബങ്ങൾ: 26,000

10 കോഴികളുള്ള യൂനിറ്റും രണ്ട് പശുക്കളടങ്ങുന്ന യൂനിറ്റും -ഒരു കുടുംബം: 3,05200

10 കോഴികളുടെ യൂനിറ്റും രണ്ട് ആടുകളടങ്ങുന്ന യുനിറ്റും -ഒരു കുടുംബം: 58200

രണ്ടു പശുക്കളുടെ ഒരു യൂനിറ്റും അഞ്ച് ആടുകളുടെ ഒരു യൂനിറ്റും -രണ്ട് കുടുംബങ്ങൾ: 8,80,000 രൂപ

രണ്ടുപശുക്കളുടെ യൂനിറ്റ് -17 കുടുംബങ്ങൾ: 51,00,000 രൂപ

Tags:    
News Summary - livelihood projects in the animal husbandry sector for wayanad landslide victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.