പുളിയംപുള്ളി അരുമണിക്കാട്ട് കിണറ്റിൽ വീണ പുലിയും മൂന്ന് പന്നികളും

പുലിയും മൂന്ന് പന്നികളും കിണറിൽ വീണു: പുലി രക്ഷാപ്രവർത്തിനിടയിൽ ഓടി രക്ഷപ്പെട്ടു

പുതുപ്പരിയാരം: ഉൾക്കാട്ടിൽ നിന്ന് ഇറ ങ്ങിയ പുലിയും മൂന്ന് പന്നികളും വനമധ്യത്തിലെ കിണറിൽ വീണു. രക്ഷാപ്രവർത്തനത്തിനിടയിൽ കരപറ്റിയ പുലി ഓടി രക്ഷപ്പെട്ടു. മുണ്ടൂർ വനം സെക്ഷനു കീഴിലെ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ പുളിയംപുള്ളി മേപ്പാടം ആദിവാസി കോളനിക്കടുത്ത് അരുമണിക്കാട്ട് സർക്കാർ വനഭൂമിയിലാണ് സംഭവം.

വനഭൂമിയിലെ പഴക്കം ചെന്ന വാരിക്കുഴിമണ്ണിടിഞ്ഞ് ഏകദേശം പത്തടി താഴ്ചയുള്ള കിണറായി രൂപപ്പെട്ടിരുന്നു.ഇതിനകത്താണ് ഉൾക്കാട്ടിൽ നിന്നിറങ്ങി വന്ന പുലിയും പന്നികളും വീണത്. പൊതുവെ വന്യമൃഗശല്യ ബാധിത പ്രദേശമാണിവിടം. പതിവ് പരിശോധനക്ക് വന്ന വനപാലകരും ദ്രുത പ്രതികരണ സംഘവുമാണ് കിണറിനകത്ത് പുലിയും പന്നികളും വീണു കുടുങ്ങി കിടക്കുന്നത് കണ്ടത്. തിങ്കളാഴ്ച രാവിലെ പത്തരക്ക് സംഭവം ശ്രദ്ധയിൽപ്പെട്ട വനപാലകർ ഉടൻ തന്നെ കോണി എത്തിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കിണറിലിറക്കിയ കോണിയിൽ അള്ളിപ്പിടിച്ച് കയറിയ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. കിണറിൽ രണ്ടടി താഴ്ചയിലാണ് വെള്ളമുണ്ടായിരുന്നത്.കൂടാതെ പുലിക്ക് കൂടുതൽ ക്ഷീണം സംഭവിച്ചിരുന്നില്ല. പന്നികളിലൊന്നിനെ വനപാലകർ കിണറ്റിന് പുറത്തെടുത്തുരക്ഷിച്ചു. കാട്ടിലേക്ക് തുറന്ന് വിട്ടു. രണ്ട് പന്നികൾ ചത്തു. ഒലവക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വിവേക് ,ഡപ്യൂട്ടി ഫോറസ്റ്റ്ഓഫീസർ രജിത് ബാബു, മുണ്ടൂർ വനം സെക്ഷൻ ഓഫീസർ സന്തോഷ്, ദ്രുത പ്രതികരണ സംഘം എന്നിവരടക്കം ഇരുപത് പേരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

വനപാലകരുടെ ഇടപെടലും പതിവ് സന്ദർശനവും വഴി രണ്ട് വന്യമൃഗങ്ങളുടെ ജീവൻ രക്ഷിക്കാനായി. രക്ഷപ്രവർത്തനത്തിന് ആവശ്യമായ വലകളും കൂടും ഒരുക്കിയാണ് വനപാലകർ ദൗത്യം തുടങ്ങിയത്.പുലി കാട് കയറിയതിനാൽ മറ്റ് തുടർ പ്രവർത്തനങ്ങൾ ഒഴിവായി കിട്ടിയത് വനപാലകർക്ക് ആശ്വാസമായി .അതേസമയം, മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ പുലി സാന്നിധ്യം അറിഞ്ഞ വനമേഖലയോട് ചേർന്ന ഉൾനാടൻ ഗ്രാമവാസികൾ ഭീതിയിലാണ്.

Tags:    
News Summary - Leopard and three pigs fall into well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.