‘വി.സി നിയമനത്തിലെ യു.ജി.സി ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യു.ജി.സി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി കരട് ചട്ടങ്ങള്‍ പുതുക്കിയത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വി.സിമാരെ കണ്ടെത്തനാകില്ലെന്നു വ്യക്തമാക്കുന്നതാണ് യു.ജി.സി ഭേദഗതി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കുന്നതിന്റെ ഭാഗമായി വി.സിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ചും കേരളം ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യർഥിച്ചു.

കത്ത് പൂര്‍ണരൂപത്തില്‍

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി. പുറത്തിറക്കിയത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി ചെയര്‍മാനെ അടക്കം നിയമിക്കാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാക്കുന്നതാണ് ഈ ഭേദഗതി.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ചാന്‍സലര്‍ക്ക് അമിതാധികാരം നല്‍കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിനിധികളെ കേരളത്തില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടും.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി കരട് ചട്ടങ്ങള്‍ പുതുക്കിയത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വി.സിമാരെ കണ്ടെത്തനാകില്ലെന്നു വ്യക്തമാക്കുന്നതാണ് യു.ജി.സി ഭേദഗതി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കേണ്ടത് നമ്മുടെ കടമയാണ്.

വി.സിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ചും കേരളം ആലോചിക്കണം. ഈ സാഹചര്യത്തില്‍ യു.ജി.സി യുടെ ഈ കരട് ചട്ടങ്ങള്‍ക്കെതിരെ നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ ഉചിതമായിരിക്കും. ഇതിന് മുന്‍കൈ എടുക്കണമെന്ന് അഭ്യർഥിക്കുന്നു.

Tags:    
News Summary - Legislature to pass resolution against UGC amendment in VC regulation; Opposition leader's letter to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.