തോട്ടത്തിൽ രവീന്ദ്രൻ
കോഴിക്കോട്: തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർക്ക് ഇളവനുവദിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ കോഴിക്കോട് നോർത്ത് വീണ്ടും ശ്രദ്ധാകേന്ദ്രം. വിദ്യാഭ്യാസമേഖലയിൽ കൊണ്ടുവന്ന മാതൃകാ വികസനപ്രവർത്തനങ്ങൾ മുൻനിർത്തി എ. പ്രദീപ്കുമാർ വീണ്ടും സ്ഥാനാർഥിയാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മൂന്നുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്ത പ്രദീപ്കുമാറിെൻറ പേരുമാത്രമാണ് ജില്ല സെക്രട്ടേറിയറ്റും നിർദേശിച്ചത്. പ്രദീപ്കുമാർ വീണ്ടും സ്ഥാനാർഥിയാവണമെന്ന് തെരഞ്ഞെടുപ്പിനുമുേമ്പ കീഴ്ഘടകങ്ങളിൽനിന്ന് ചർച്ച ഉയർന്നതോടെ പാർട്ടിയിലെ മുതിർന്ന നേതാവിെൻറ 'തിരക്കഥയിൽ' സംവിധായകൻ രഞ്ജിത്തിെൻറ പേര് ഉയർത്തിക്കൊണ്ടുവന്നിരുന്നു.
പാർട്ടിയിൽ ആലോചിക്കാതെ രഞ്ജിത്തിനോട് മത്സരസന്നദ്ധത ചോദിക്കുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ ഓട്ടിസം കേന്ദ്രത്തിെൻറ നവീകരണപ്രവൃത്തി ഉദ്ഘാടനം െചയ്യാെനത്തിയ രഞ്ജിത്ത് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചെന്നും പാർട്ടിയാവശ്യപ്പെട്ടാൽ സ്ഥാനാർഥിയാവുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പാർട്ടിയിലെ ഒരുവിഭാഗം രഞ്ജിത്തിനെ കെട്ടിയിറക്കുന്നതിനെതിരെ കടുത്ത വിമർശനമുയർത്തി.
നോർത്തിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടേറിയറ്റിൽ ഇറങ്ങിപ്പോക്കുവരെ ഉണ്ടായേക്കുമെന്നറിഞ്ഞതോടെ സംസ്ഥാന നേതൃത്വം ഇളവനുവദിച്ചാൽ പ്രദീപ് വീണ്ടും നിൽക്കട്ടെയെന്ന് തീരുമാനിച്ച് അദ്ദേഹത്തിെൻറ പേരുമാത്രം പട്ടികയിലുൾപ്പെടുത്തുകയാണുണ്ടായത്. പ്രദീപ്കുമാർ മത്സരരംഗത്തുണ്ടാവുമെന്ന വാർത്തകൾ പരന്നതോടെ പ്രദീപാണ് നല്ല സ്ഥാനാർഥിയെന്ന് അഭിപ്രായപ്പെട്ട് രഞ്ജിത്ത് സ്വയം പിന്മാറുകയും ചെയ്തു. ഇതിനിെടയാണ് രണ്ടുതവണ മത്സരിച്ചവർക്ക് ഇളവുനൽകേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്. ഇതോടെ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രെൻറ പേരാണ് പരിഗണിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വരുമെന്ന് ഏതാണ്ടുറപ്പായ സ്ഥിതിക്ക് രവീന്ദ്രനെ പരിഗണിക്കുന്നതാണ് ഉചിതമെന്നാണ് നേതൃത്വം കരുതുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ എന്നിവരിലൊരാളാവും യു.ഡി.എഫ് സ്ഥാനാഥിയാവുകയെന്നാണ് സൂചന.
കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ കോഴിക്കോട് നോർത്തിൽ മത്സരിക്കുമെന്ന് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി എന്തുതീരുമാനിച്ചാലും അതംഗീകരിക്കും.
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തനിക്കറിയില്ല. തന്നോട് പാർട്ടി ഒന്നും ചോദിച്ചിട്ടുമില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.