സ്ഥാനമാനങ്ങൾക്കായി കൂടുമാറുന്നവരുടെ കൂട്ടത്തിൽ പെടുത്തേണ്ട; സി.പി.ഐ വിട്ടു എന്നത് വ്യാജ പ്രചാരണം -ബിജി മോൾ

തിരുവനന്തപുരം: സി.പി.ഐ വിട്ടുവെന്നത് വ്യാജ പ്രചാരണമാണെന്ന് മുൻ എം.എൽ.എ ഇ.എസ്.ബിജി മോൾ. സ്ഥാനമാനങ്ങൾക്കായി പാർട്ടി വിടുന്നവരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ട. സി.പി.ഐയിൽ ഉറച്ചുനിൽക്കുമെന്നും അവർ ഫേസ്ബുക്ക് ​കുറിപ്പിൽ വ്യക്തമാക്കി.

''കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സി.പി.ഐ സഖാക്കൾ എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ യാതൊരു വിധ വസ്തുതയുമില്ല. രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എന്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കുമെന്നും അതിലുപരി രാഷ്ട്രീയ പ്രവർത്തകയായിരിക്കുന്നിടത്തോളം കാലം സി.പി.ഐയുടെ പ്രവർത്തകയായിരിക്കും'' -ബിജിമോൾ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

ഇരുപത്തിരണ്ടാം വയസിൽ സി.പി.ഐ മെമ്പർഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഞാൻ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്‌നേഹവും കരുതലും ഞാൻ അനുഭവിച്ചറിഞ്ഞത്. അവർ നൽകിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിക്കുവാനും ജനകീയ പ്രശ്‌നങ്ങളിൽ പ്രതികരിക്കാനും കരുത്ത് നല്കിയത്. ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സി.പി.ഐയുടെ സഖാക്കൾ എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ യാതൊരു വിധ വസ്തുതയുമില്ല. സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം.

അവരുടെ കൂട്ടത്തിൽ എന്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും ഞാൻ. അതിലുപരി രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലം ഞാൻ സി.പി.ഐയുടെ പ്രവർത്തകയായിരിക്കും. അഭിപ്രായങ്ങൾ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നില്ക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പു നല്കിയ,ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവർ നല്കിയ പിന്തുണയാണ് എന്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സി.പി.ഐക്ക് ഒപ്പം.

സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി ബിജിമോൾ രംഗത്തുവന്നിരുന്നു.

Tags:    
News Summary - Leaving CPI is a fake campaign - biji mol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.