കോഴിക്കോട് : മുസ്ലിം ലീഗിൽ ചേർന്ന തന്റെ തീരുമാനത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ. ലീഗിൽ ചേർന്നതോടെ ഇനി ഇടക്ക വായിച്ച് മാപ്പിളപ്പാട്ട് പാടി നടക്കേണ്ടി വരുമെന്ന് പ്രചരിപ്പിക്കുന്നവർ അല്പബുദ്ധികളാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
ഗുരുവായൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ താൻ കൃഷ്ണ സ്തുതി പാടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഹരിഗോവിന്ദന്റെ കുറിപ്പ്. "ഞാൻ പാടുന്ന കൃഷ്ണ സ്തുതിക്ക് മൈക്ക് പിടിച്ചു തരുന്നത് തൃശൂർ ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റാണ്. സ്ഥാനാർത്ഥി ഷാളണിഞ്ഞ് കൂടെയുണ്ട്. ഇതിന് മനസ്സുള്ള ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്," എന്ന് അദ്ദേഹം വ്യക്തമാക്കി.
ലക്ഷങ്ങൾ വാങ്ങിയാണ് പാർട്ടിയിൽ ചേർന്നതെന്നും സ്ഥാനമാനങ്ങൾ മോഹിച്ചാണെന്നുമുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെയോ പിതാവിന്റേയോ നന്മകളെ ഇതുവരെ അംഗീകരിക്കാത്തവരാണ് ഇപ്പോൾ അസ്വസ്ഥരാകുന്നത്. ജാതിയും മതവും പറഞ്ഞ് വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കാനാണ് തന്റെ ജീവിതമെന്നും അദ്ദേഹം കുറിച്ചു.
സർക്കാർ പണം ഉപയോഗിച്ച് നൽകുന്ന കിറ്റിന്റെ പേരിൽ വോട്ട് ചോദിക്കുന്നവരെ 'നാണംകെട്ടവർ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കഴിഞ്ഞ 50 വർഷമായി ജാതിയും മതവും നോക്കാതെ ലീഗ് നൽകിയ സഹായങ്ങളുടെ പേരിൽ വോട്ട് ചോദിച്ചാൽ വിമർശകർ ലജ്ജിച്ചു പോകുമെന്നും കൂട്ടിച്ചേർത്തു
ദിവസങ്ങൾക്ക് മുമ്പാണ് പാണക്കാട്ട് എത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് ഹരിഗോവിന്ദൻ മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. ലീഗ് സ്വീകരിക്കുന്ന വിശ്വമാനവിക നിലപാടുകളാണ് താന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാവുമെന്നും അദ്ധേഹം പറഞ്ഞിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ഞെരളത്ത് ഹരിഗോവിന്ദൻ ഇനിമുതൽ ഇടക്ക വായിച്ച് മാപ്പിളപ്പാട്ടും പാടി നടക്കും എന്ന് പ്രചരിപ്പിക്കുന്ന അൽപബുദ്ധികളേ....
ഗുരുവായൂരിൽ വിളിച്ച് ഒരു തവണയെങ്കിലും വേദി തന്നിട്ടില്ലാത്ത വിവരദോഷികളേ...
കാണുവിൻ...
ഗുരുവായൂരിൽ കോണി ചിഹ്നത്തിൽ മൽസരിക്കുന്ന C.H.RASHEED ന്റെ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് ഞാൻ പാടുന്ന കൃഷ്ണ സ്തുതിക്ക് മൈക്ക് പിടിച്ചു തരുന്നത് തൃശൂർ ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ടാണ്...
സ്ഥാനാർത്ഥിയാണ് ഷാളണിഞ്ഞ് കൂടെ...
ഇതിന് മനസ്സുള്ള ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് IUML...
ഇനി
''ഇത് ആദ്യ നാലുദിവസമേ കാണൂ...''
''വൈകാതെ നിന്നെ മാപ്പിളപ്പാട്ടിനു കൊട്ടിക്കും''
''ലക്ഷങ്ങൾ വാങ്ങീട്ടാണ്..''
''സ്ഥാനമാനങ്ങൾക്കാണ്''
തുടങ്ങിയ കടുത്ത ഭാവനകളുമായി മെഴുകുന്നവരോടാണ്... ഇന്നുവരെ ഹരിഗോവിന്ദന്റേയോ എന്റെ മഹാനായ പിതാവിന്റേയോ ഒരു പാട്ടോ സൽപ്രവൃത്തികളോ ഒരിക്കലെങ്കിലും പങ്കുവെച്ചിട്ടില്ലാത്ത നീയൊക്കെ ഇപ്പോ കിടന്നീ അസ്വസ്ഥരാവുന്നത് കാണുന്നത് തന്നെ എനിക്ക് ഹരമാണ്....
എന്നിട്ടും വെറുപ്പുതീരാത്ത സാധുക്കളോടാണ്..നിനക്കൊന്നും മറുപടിതരാനുള്ളതല്ല എന്റെ വിലപ്പെട്ട സമയം.. മനുഷ്യർക്കായി യാതൊരു നൻമകളംം പ്രവർത്തിച്ചു കാണിക്കാതെ,വെറും ജാതിയും മതവും പറഞ്ഞു പരമാവധി വെറുപ്പു പ്രചരിപ്പിക്കുന്ന കാപാലികർക്കെതിരെ ആവുന്നത്ര പ്രതിരോധം തീർക്കാനുള്ളതാണ് എന്റെ ജീവിതം... സർക്കാർ പണം കൊണ്ട് ചെയ്തുകൊടുത്ത അവകൊശങ്ങളുടേയും കിറ്റിന്റേയും ഒക്കെ പേരിൽ വോട്ടുണ്ടാക്കാൻ PR WORK നടത്തുന്ന നാണം കെട്ടവരേ... മുസ്ലീം ലീഗ് പാർടി എന്ന പേരിൽ മാത്രം കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കൊടുത്ത കിറ്റുകളുടെ മാത്രം പേരിൽ അവർ വോട്ടഭ്യർത്ഥിച്ചാൽ നീയൊക്കെ ലജ്ജിക്കും..
ഓട്രാ.... അത്ര അന്തസ്സുകെട്ട പരിപാടിക്കൊന്നും ലീഗ് മുതിരില്ല എന്നതാണ് ഞങ്ങളുടെ പാർടിയുടെ മഹത്വം..
ഒന്നൂടി പറയുന്നു.. ഓടടാ..
( അനുകൂല കമന്റിടാൻ ആഗ്രഹമുണ്ടായിട്ടും അതിനു ധൈര്യമില്ലാതെ മൗനമായി സ്നേഹിക്കുന്ന ആയിരങ്ങൾ പേഴ്സണൽ മെസേജുകളിടുന്നുണ്ട് .ധ അവർക്കും നന്ദി )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.