ശശി തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസ് നേതൃത്വത്തിലെ ചേരിപ്പോരിൽ അതൃപ്തി പ്രകടിപ്പിച്ച് മുസ്‍ലിം ലീഗ്. ഈ വിഷയത്തിൽ വിവാദം തുടരുന്നത് പൊതു സമൂഹത്തിൽ ഏറെ അവമതിപ്പുണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തൽ. കോട്ടയത്തെ പരിപാടി പുതിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണെന്നും മലപ്പുറത്ത് ചേർന്ന ലീഗ് എംഎൽഎമാരുടെ യോഗം അഭിപ്രായപ്പെട്ടു. മലബാർ മേഖലയിലെ പര്യടനത്തോടെ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നു. ഇത്, തുടരുന്നത് ശരിയല്ല. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ഈ വേളയിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായഐക്യത്തിലെത്തേണ്ടതിനുപകരം കോൺഗ്രസ് ചേരിതിരിഞ്ഞ് അഭിപ്രായ പ്രകടനം നടത്തുകയാണ്. ഈ പ്രവണതയിൽ ലീഗ് നേതാക്കൾക്ക് കടുത്ത അമർഷമാണുള്ളത്.
നേരത്തെ ആർ.എസ്.എസിനെ ന്യായീകരിച്ചുകൊണ്ടുള്ള കെ.സുധാകരന്റെ പ്രസ്താവനകളുണ്ടാക്കിയ വെല്ലുവിളികൾ അവസാനിക്കെയാണ്, തരൂരിനെതിരായ പടയൊരുക്കം തലവേദനയാകുന്നത്. അഭിപ്രായ ഐക്യമില്ലാത്ത കോൺഗ്രസിന്റെ പോക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വവും. ഇക്കാര്യത്തിൽ പരസ്യപ്രതികരണം ദോഷം ചെയ്യുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. അമർഷം ദേശീയനേതൃത്വത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ അഭിപ്രായം.
തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം തുടരുകയാണ്. മലബാർ സന്ദർശനത്തിലുണ്ടായ പൊട്ടിത്തെറികൾ കെട്ടടങ്ങുന്നതിന് മുന്നേ തന്നെ തരൂരിന്റെ കോട്ടയം സന്ദർശവും വിവാദത്തിലായി. കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം തരൂരിനെതിരെ ശക്തമായി നീങ്ങുമ്പോള്‍ അതിനെ ചെറുക്കാൻ മറുവിഭാഗവും സജീവമായുണ്ട്. പരിപാടികൾ അറിയിച്ചില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ വിമർശം അതുകൊണ്ട് തന്നെ ശരിയല്ലെന്നാണ് മരുളീധരൻ അടക്കമുള്ള നേതാക്കൾ പറയുന്നത്. എന്നാൽ തന്നെ മുരളീധരൻ പഠിപ്പിക്കാൻ വരേണ്ടെന്നാണ് നാട്ടകം സുരേഷ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.