കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പേരാമ്പ്രയിൽ എൽ.ഡി.എഫിന്‍റെ പ്രചാരണ ജീപ്പിൽനിന്നുണ്ടായ വിവാദ അനൗസ്മെന്‍റ് കേസിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാകലക്ടർ. കേസിൽ മാതൃകാ പെരുമാറ്റച്ചട്ട ചട്ടലംഘനം നടന്നതായി കണ്ടെത്തിയില്ല എന്നാണ് ഫ്ലയിങ് സ്ക്വാഡ് റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്ലയിങ് സ്ക്വാഡ് പരിശോധയിൽ ജീപ്പ് കണ്ടെത്തിയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് യു.ഡി.എഫ് സ്ഥാനാർഥിക്കെതിരായി ലഭിച്ച പരാതിയിൽ പരിശോധന നടക്കുന്നുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
നമ്മുടെ വോട്ട് ഖൗമിലെ കുട്ടിക്ക് എന്ന് പറഞ്ഞാണ് യു.ഡി.എഫ് വോട്ട് പിടിക്കുന്നതെന്നും ഇത് ചെറുത്തുതോൽപ്പിക്കണമെന്നുമായിരുന്നു അനൗൺസ്മെന്‍റ്. എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്നുള്ള അനൗസ്മെന്‍റ് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് എൽ.ഡി.എഫ് വർഗീയദ്രുവീകരണത്തിന് ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അനൗസ്മെന്‍റിന്‍റെ തെളിവ് സഹിതമായിരുന്നു യു.ഡി.എഫ് പരാതി നൽകിയത്. എന്നാൽ ഇത് എൽ.ഡി.എഫിന്‍റെ അനൗസ്മെന്‍റ് അല്ല എന്ന നിലപാടായിരുന്നു തുടക്കംമുതൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണൻ സ്വീകരിച്ച് നിലപാട്. ശേഷം യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമാ തഹ്ലിയ മതത്തിന്‍റെ പേരിൽ വോട്ട് പിടിക്കുന്ന എന്ന് ആരോപിച്ച് എൽ.ഡി.എഫുമായി ബന്ധമുള്ള മററ് മൂന്നുപേരും പരാതി നൽകിയിരുന്നു.
അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര മണ്ഡലത്തിൽ കൊട്ടിക്കലാശം ഒഴിവാക്കി. മുന്നണികളുടെ യോഗം വിളിച്ചാണ് പൊലീസ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇതോടെ, മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം വാഹന പ്രചാരണ ജാഥ മാത്രമായി ചുരുക്കും.
വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നേരത്തെ തന്നെ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ അനൗണ്‍സ്‌മെന്റ് വിവാദം കൂടിയായതോടെ വിവാദം ചൂടുപിച്ചു. ഈ സാഹചര്യത്തിലാണ് പേരാമ്പ്ര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാനായി പൊലീസ് മുന്നണികളുടെ യോഗം വിളിച്ചത്. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് മുന്നണികള്‍ പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.കൊട്ടിക്കലാശ ദിനമായ ചൊവ്വാഴ്ച പേരാമ്പ്രയില്‍ മറ്റേത് തരത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടത് എന്ന കാര്യം മുന്നണികള്‍ ആലോചിക്കുകയാണ്. സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണനും മുസ്‌ലിം ലീഗിലെ ഫാത്തിമ തഹിലിയയുമാണ് പേരാമ്പ്രയില്‍ അങ്കംകുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.