തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിന്റെ ധവളപത്രത്തിന് മറുപടിയായി ബദൽ ധവളപത്രം പുറത്തിറക്കാനുള്ള സി.പി.എം നീക്കം ചരിത്രത്തിന്റെ തനിയാവർത്തനം. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, മുൻ എല്‍.ഡി.എഫ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന ധവളപത്രം ധനമന്ത്രി കെ.എം. മാണി സഭയില്‍ വച്ചിരുന്നു. ഇതിന് മറുപടിയായിരുന്നു അന്നത്തെ ബദൽ ധവളപത്രം.
2006ലെ വി.എസ് സർക്കാറിൽ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കാണ് അത് തയാറാക്കിയത്. എന്നാൽ, ഇത് നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നത് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തടയുകയായിരുന്നു. ചെയറിന്റെ അനുമതിയില്ലാതെ സഭയിൽ രേഖകള്‍ വെക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന്, ജനങ്ങള്‍ക്ക് മുന്നില്‍ ധവളപത്രം അവതരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തിൽനിന്നൊഴിഞ്ഞു.
ഇപ്പോൾ ബദൽ ധവളപത്രം തയാറാക്കാനും തോമസ് ഐസക്ക് രംഗത്തുണ്ട്. മുൻധനമന്ത്രിയും എം.എൽ.എയുമായ കെ.എൻ. ബാലഗോപലിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുരോഗമിക്കുന്നത്. എത്രയും വേഗം പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനാണ് നീക്കം.
കഴിഞ്ഞ പത്തുവർഷം എൽ.ഡി.എഫ് സർക്കാർ സാമ്പത്തികപരിപാലനത്തിനും ജനക്ഷേമ നടപടികൾക്കും സ്വീകരിച്ച നയവും അതിനനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും ബദൽ ധവളപത്രത്തിൽ വിശദീകരിക്കും. സി.പി.എം തയാറാക്കുന്നത് എന്നതിൽക്കവിഞ്ഞ് എൽ.ഡി.എഫിൽ ചർച്ചചെയ്ത് മുന്നണിയുടെ ബദൽ ധവളപത്രമായി പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.
പത്തുവർഷംകൊണ്ട് സംസ്ഥാന വരുമാനത്തിലുണ്ടായ വർധന യു.ഡി.എഫിന്റെ ധവളപത്രം മറച്ചുവെച്ചതായാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം. ജനക്ഷേമപ്രവർത്തനങ്ങൾക്ക് പണം ചെലവിട്ടതിനെ സാമ്പത്തിക മാനേജ്‌മെന്റ് പിടിപ്പുകേടായും ചിത്രീകരിക്കുന്നു. ഇതുസംബന്ധിച്ച വസ്തുതകളും വിശദീകരണവും രേഖയിലുണ്ടാകും.
ക്ഷേമപെൻഷൻ വിതരണം, പൊതുമേഖല സംരക്ഷണം എന്നിവയിലൊക്കെ മുൻ യു.ഡി.എഫ് സർക്കാറുമായുള്ള താരതമ്യവും ഉൾപ്പെടുത്തും. സർക്കാറിന്റെ ധവളപത്രത്തിൽ ഒട്ടേറെ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് തോമസ് ഐസക്കും ബാലഗോപാലും ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.