കെ.പി. സതീഷ് ചന്ദ്രൻ
(എൽ.ഡി.എഫ്)
കാഞ്ഞങ്ങാട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, ജില്ലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ്‌ഫോറം സംഘടിപ്പിച്ച തദ്ദേശപ്പോര് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ വികസനനേട്ടങ്ങളും വിവിധ ക്ഷേമപദ്ധതികളും എൽ.ഡി.എഫിന്റെ മതേതരനിലപാടും ഇൗ തെരഞ്ഞെടുപ്പിൽ സ്വാധീനംചെലുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ജനകീയതയും വ്യക്‌തിബന്ധങ്ങളും വോട്ടിനെ സ്വാധീനിക്കും. ഇത് പരിഗണിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർഥികളെ നിശ്ചയിച്ചത്.
എൽ.ഡി.എഫ് ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലയിൽ നിലവിൽ ജില്ല പഞ്ചായത്തും ആറും ബ്ലോക്ക് പഞ്ചായത്തിൽ നാലെണ്ണത്തിലും 39 ഗ്രാമപഞ്ചായത്തുകളിൽ 19ലും ഒന്നിൽ എൽ.ഡി.എഫ് പിന്തുണയിലും മൂന്നു നഗരസഭകളിൽ രണ്ടും എൽ.ഡി.എഫിനായിരുന്നു ഭരണം. ഇത് നിലനിർത്തുന്നതിന് പുറമെ കഴിഞ്ഞതവണ നേരിയ വോട്ടിന് നഷ്‌ടപ്പെട്ട പുല്ലൂർപെരിയ, വെസ്‌റ്റ് എളേരി പഞ്ചായത്തുകൾ തിരിച്ചുപിടിക്കും.
തെരഞ്ഞെടുപ്പ് വാഗദാനങ്ങൾ മുഴുവൻ നടപ്പാക്കുക മാത്രമല്ല, ചെയ്‌തത് അടിസ്ഥാന ജനവിഭാഗങ്ങൾക്കുള്ള പെൻഷൻതുക വർധിപ്പിച്ച് നൽകിത്തുടങ്ങി. കേന്ദ്രസർക്കാർ കേരളത്തിനർഹമായതൊന്നും നൽകാതിരിക്കുമ്പോൾ കേരളത്തിനുവേണ്ടി ശബ്ദിക്കാൻ യു.ഡി.എഫ് എം.പിമാർ തയാറാകുന്നുമില്ല. ഇതെല്ലാം മലയാളികൾ തിരിച്ചറിയുന്നുണ്ട്.
ജില്ലയിലുള്ളത് എൽ.ഡി.എഫിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ്. കുടുംബയോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണുള്ളത്. ഗൃഹസന്ദർശനങ്ങളിലൂടെ ഓരോ വോട്ടറേയും സ്ഥാനാർഥികൾ നേരിൽ കാണുകയാണ്. വരും ദിവസങ്ങളിൽ എൽ.ഡി.എഫ് നേതാക്കളുടെ പര്യടനവും ലോക്കൽതല റാലികളും നടക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്കും തദ്ദേശ തെരഞ്ഞടുപ്പിലും വോട്ടുചെയ്യുന്നവർ എൽ.ഡി.എഫിന് വോട്ട് ചെയ്യുന്നില്ലെന്നത് വസ്തുതയാണ്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കരുതിയാണിത്.
കാഞ്ഞങ്ങാട് അടക്കമുള്ള എൽ.ഡി.എഫ് ഭരണത്തിലുള്ള നഗരസഭകളിൽ കൂടുതൽ മെച്ചപ്പെട്ടനിലയിൽ അധികാരത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.