എൽ.ഡി.എഫ് രാജ്യസഭ സീറ്റ്: തീരുമാനം ഇന്ന്

തിരുവനന്തപുരം: ഒഴിവുവന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ മുന്നണിക്ക് വിജയിക്കാൻ കഴിയുന്ന രണ്ട് സീറ്റുകൾ ഏതൊക്കെ കക്ഷികൾക്ക് എന്നതിൽ അന്തിമ തീരുമാനം ചൊവ്വാഴ്ച എൽ.ഡി.എഫ് യോഗത്തിൽ. അതേസമയം ആഭ്യന്തര അന്തച്ഛിദ്രം മൂർച്ഛിച്ച് പിളർന്ന ഐ.എൻ.എല്ലിന്‍റെ സംസ്ഥാന ഭാരവാഹികൾക്ക് പകരം മന്ത്രിയാകും യോഗത്തിൽ പങ്കെടുക്കുക.

വൈകീട്ട് നാലിന് എ.കെ.ജി സെന്‍ററിലാണ് യോഗം. രണ്ട് സീറ്റും തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് സി.പി.എം. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർലമെന്‍റിൽ പാർട്ടി എം.പിമാരുടെ എണ്ണം ആകാവുന്നിടത്തോളം വർധിപ്പിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്. എന്നാൽ, ഭരണകാലത്ത് ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ നിലനിർത്തുന്ന 4:2 അനുപാതം അനുസരിച്ച് ഒരു സീറ്റ് ലഭിച്ചേ പറ്റൂവെന്നാണ് സി.പി.ഐയുടെ വാദം. സി.പി.എമ്മിലെ കെ. സോമപ്രസാദ്, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയംസ് കുമാർ എന്നിവരുടെ സീറ്റുകളാണ് എൽ.ഡി.എഫിൽ ഒഴിവുവരുന്നത്. എൽ.ജെ.ഡിയും ജെ.ഡി.എസും എൻ.സി.പിയും സീറ്റുകൾക്കായി ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവകാശവാദത്തിനപ്പുറം ഗൗരവം അതിന് സി.പി.എമ്മും സി.പി.ഐയും നൽകുന്നില്ല.

എല്ലാ കക്ഷികളുമായും നേരിട്ടോ അല്ലാതെയോ ഉഭയകക്ഷി ചർച്ച സി.പി.എം പൂർത്തിയാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹീമിന് പുറമെ സി.പി.ഐയെ അനുനയിപ്പിക്കാൻ ഒരു പൊതുസമ്മതനെക്കൂടി സി.പി.എം പരിഗണിക്കുന്നുവെന്നാണ് സൂചന. അടുത്ത് ഒഴിവുവരുന്ന സീറ്റ് വിട്ടുനൽകാമെന്ന ഉറപ്പിൽ സി.പി.ഐ വഴങ്ങിയാൽ രണ്ട് സീറ്റിലും സി.പി.എം സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ സി.പി.ഐ സംസ്ഥാന നിർവാഹക സമിതി ചേർന്നശേഷമാകും നേതൃത്വം മുന്നണി യോഗത്തിന് എത്തുക.

Tags:    
News Summary - LDF Rajya Sabha seat: Decision today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.