കണ്ണൂർ: വയനാട് പ്രയളദുരിത ബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ചുനൽകിയ ടൗൺഷിപ്പിലെ വീടുകളിൽ വിഷുവിനുമുമ്പ് താമസിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ എൽ.ഡി.എഫ് സര്‍ക്കാരിന്‍റെ 10 വർഷത്തെ പ്രോഗ്രസ് കാർഡ് പുറത്തിറക്കുകയായിരുന്നു മുഖ്യമന്ത്രി.വയനാട് ടൗൺഷിപ്പിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കിയതാണ്. എന്നാൽ ചില അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടായിരുന്നു. അത്കൂടി പൂർത്തിയാക്കിയ ശേഷമാണ് താമസിക്കുന്നത് എന്ന് വീട് ലഭിച്ചവർ തന്നെയാണ് തീരുമാനമെടുത്തത്. അവർക്ക് പട്ടയം കൈമാറിയിട്ടുണ്ട്. അവർ സർക്കാരിന്‍റെ നിലപാട് അംഗീകരിച്ചിട്ടുണ്ടെന്നും സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 വർഷത്തെ എൽ.ഡി.എഫ് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും മുഖ്യമന്ത്രി അക്കമിട്ടുനിരത്തി. എൽ.ഡി.എഫിന്‍റെ 900 വാഗ്ദാനിങ്ങളിൽ 97 ശതമാനവും നടപ്പാക്കി. ഭൂമിയും വീടും യാഥാർഥ്യമാക്കി. ലൈഫ് ഭവന പദ്ധതിയിൽ 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. റവന്യൂ ഉദ്യേഗസ്ഥർ എസ്.ഐ.ആർ ജോലിയുമായി ബന്ധപ്പെട്ട തിരക്കിൽ ആയിരുന്നില്ലെങ്കിൽ ഇത് അഞ്ചുലക്ഷം കവിയുമായിരുന്നു.
സംസ്ഥാനത്തെ അതിദാരിദ്യമുക്താക്കി. രാജ്യത്ത് ഒരുസംസ്ഥാനവും ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടില്ല. വീടുകൾ ജപ്തി ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ എക കിടപ്പാട നിയമം പാസാക്കി. മത്സ്യത്തൊഴിലാളി പുനർഗേഹം പദ്ധതിയിൽ 738 ഫ്ലറ്റുകള്‍ കൈമാറി. വീട്ടമ്മമാരുടെ അധ്വാനത്തിന് അംഗീകാരമായി പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുന്നുണ്ട്. ഇത് ഇനിയും വർധിക്കും.
സർക്കാർ സേവനങ്ങൾ സ്മാർട്ടാക്കി. കെ.സ്മാർട്ട് 82 ലക്ഷം അപേക്ഷകൾ അതിവേഗത്തിൽ തീർപ്പാക്കി. സേവനാവകാശ ബിൽ പാസാക്കി. 313202 പേർക്ക് പി.എസ്.സി വഴി നിമനം നൽകി. പി.എസ്.സിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 40 ആക്കി ഉയര്‍ത്തി. ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. അടിസ്ഥാസൗകര്യവികസത്തിൽ സംസ്ഥാനത്ത് വൻമുന്നേറ്റുമാണുണ്ടായത്. വയനാടിന്‍റെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി അനക്കാം പൊയിൽ -മേപ്പാടി തുരങ്കപാത നിർമാണം ആരംഭിച്ചു. വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.