എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും മന്ത്രിയായേക്കില്ല -ജി.ആര്‍ അനില്‍

തിരുവനന്തപുരം: മൂന്നാം തവണയും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും മന്ത്രിയായേക്കില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍. മന്ത്രിയാക്കുന്നതും ജനപ്രതിനിധിയാക്കുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ക്കായി നിംസ് ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ്, സെക്രട്ടറി പി.ആര്‍. പ്രവീണ്‍, നിംസ് മെഡിസിറ്റിയിലെ ഡോ. എം. ഷഹബാസ് സൈലു, പി.ആര്‍.ഒ സരിന്‍ എന്നിവര്‍ സംസാരിച്ചു.

അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. തിരുവനന്തപുരം ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. സി.പി.ഐയുടെ ഉറച്ച കോട്ടകളിലൊന്നായ നെടുമങ്ങാട് മണ്ഡലത്തിൽ ഇത്തവണ ജി.ആർ. അനിലിനെതിരെ അട്ടിമറി ലക്ഷ്യമിട്ടാണ് യു.ഡി.എഫും എൻ.ഡി.എയും മത്സരത്തിനിറങ്ങിയത്.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നെടുമങ്ങാട് മണ്ഡലം.

പരമ്പരാഗതമായി ഇടതുപക്ഷത്തേക്ക് ചാഞ്ഞുനിൽക്കുന്ന മണ്ഡലമാണെങ്കിലും യു.ഡി.എഫിനും ഇവിടെ ശക്തമായ സ്വാധീനമുണ്ട്. 2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് വൻ വിജയമാണ് നേടിയത്. ആകെ 42 വാർഡുകളിൽ 29 ഇടത്തും എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് 10 വാർഡുകളും ബി.ജെ.പി 3 വാർഡുകളും മാത്രമാണ് വിജയിച്ചത്. തന്റെ വികസന പ്രവർത്തനങ്ങളും ഭക്ഷ്യവകുപ്പിലെ നേട്ടങ്ങളും മുൻനിർത്തിയായിരുന്നു ജി.ആർ. അനിലിന്റെ പ്രചാരണം. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.ഐ വിട്ടെത്തിയ മീനാങ്കൽ കുമാറിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.

ഭരണവിരുദ്ധ വികാരവും പ്രാദേശിക പ്രശ്നങ്ങളുമാണ് ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കിയത്. മറുഭാ​ഗത്ത് ബി.ജെ.പിയുടെ യുവനേതാവായ യുവരാജ് ​ഗോകുലാണ് പോരിനിറങ്ങുന്നത്. നഗരസഭ പരിധിയിലെ സ്വാധീനമുപയോഗിച്ച് ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.

Tags:    
News Summary - If the LDF government comes to power, I may not become a minister again - GR Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.