കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്

കുന്ദമംഗലം: കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് ലഭിച്ചു. സി.പി.എമ്മിലെ സുനിത പൂതക്കുഴിയിനെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അംഗങ്ങൾ ഹാജരാവാത്തതിനെ തുടർന്നാണ് സുനിതയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ 4 വർഷമായി യു.ഡി.എഫ്. ഭരിച്ചിരുന്ന ബ്ളോക്കിൽ നിലവിലെ സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്‍റിന്‍റെ കൂറുമാറ്റത്തോടെയാണ് എൽ.ഡി.എഫിന് ഭരണം ലഭിച്ചത്. പ്രസിഡന്‍റ് പദവി പട്ടികജാതി സ്ത്രീ സംവരണമായ ഇവിടെ ഒരു അംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. ഭരിച്ചിരുന്നത്.

യു.ഡി.എഫ്. മുന്നണിയിൽ മത്സരിച്ച് വിജയിച്ച് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ പി. ശിവദാസൻ നായർ കൂറ് മാറിയതോടെ പ്രസിഡന്‍റ് കോൺഗ്രസിലെ വിജി മുപ്രമ്മലിനെതിരെ നേരത്തെ എൽ.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പ്രമേയം ചർച്ച ചെയ്യുന്നതിന് മുമ്പെ വിജി മുപ്രമ്മൽ രാജിവെച്ച് ഒഴിയുകയായിരുന്നു. തുടർന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്.

ബ്ളോക്കിൽ ഇപ്പോൾ എൽ.ഡി.എഫിന് 10ഉം (സി.പി.എം- 8, എൻ.സി.പി-1, സ്വതന്ത്രൻ - 1) യു.ഡി.എഫിന് 9 ഉം (കോൺഗ്രസ് - 6, മുസ്ലീം ലീഗ് - 3) അംഗങ്ങളാണുള്ളത്. പ്രിസൈഡിങ് ഓഫീസർ അസി. ഡവലപ്മെന്‍റ് കമീഷണർ ടിബു ടി. കുര്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിയാണ് സുനിത. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി 5 വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.

Tags:    
News Summary - LDF get Kunnamangalam Block Panchayath -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.