രാഷ്ട്രീയ വിജയത്തിനു പിന്നാലെ, റവന്യൂ വകുപ്പിന്‍െറ തുടര്‍നീക്കം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിലെ രാഷ്ട്രീയ വിജയത്തിന് പിന്നാലെ, സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന തുടര്‍നീക്കങ്ങളുമായി സി.പി.ഐ. അക്കാദമി ഭൂമിയെക്കുറിച്ച ആക്ഷേപത്തില്‍ റവന്യൂ വകുപ്പിലൂടെ നടപടിക്ക് തുടക്കം കുറിച്ചാണ് അവരുടെ നീക്കം. ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മുഖം തിരിക്കുന്നതിനിടെയാണ് അക്കാദമിയുടെ കവാടം പൊളിക്കാന്‍ സി.പി.ഐയുടെ  ഇ. ചന്ദ്രശേഖരന്‍െറ റവന്യൂ വകുപ്പ് നടപടി തുടങ്ങിയത്. കൂടാതെ രജിസ്ട്രേഷന്‍, നിയമ വകുപ്പുകളെക്കൂടി പങ്കാളികളാക്കാനും നീക്കം ആരംഭിച്ചു. റവന്യൂ വകുപ്പിനൊപ്പം തുടര്‍നടപടികളിലേക്ക് ഇവര്‍ കടക്കുന്നില്ളെങ്കില്‍ പ്രതിരോധത്തിലാവുക സി.പി.എം ആയിരിക്കും.

എസ്.എഫ്.ഐ പിന്മാറുകയും സി.പി.എം എതിര്‍ക്കുകയും ചെയ്തിട്ടും മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം നിന്ന് സമരം വിജയിപ്പിച്ചതില്‍ സി.പി.ഐക്കായിരുന്നു സുപ്രധാന പങ്ക്. ഭൂമി സംബന്ധിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടി ഉണ്ടാകുമോയെന്നായിരുന്നു വി.എസ്. അച്യുതാനന്ദനും കോണ്‍ഗ്രസും ബി.ജെ.പിയും ഉറ്റുനോക്കിയത്. എന്നാല്‍, പുറമ്പോക്കില്‍ നിര്‍മിച്ച കോളജ് കവാടം പൊളിക്കാന്‍  വെള്ളിയാഴ്ച റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. നടപടികളുമായി മുന്നോട്ട് പോകണമെന്ന നിര്‍ദേശമാണ് സി.പി.ഐ മന്ത്രിക്ക് നല്‍കിയതും. അവിടത്തെ ഹോട്ടല്‍, ബാങ്ക് എന്നിവയെക്കുറിച്ച്  വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോ അക്കാദമി ട്രസ്റ്റ് രൂപവത്കരണത്തെക്കുറിച്ച് പരിശോധിക്കണമെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോടും അവര്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിന് അല്ലാത്തത് തിരിച്ചെടുക്കണമെന്നതില്‍ നിയമവകുപ്പിനോടും ഉപദേശം തേടിയിട്ടുണ്ട്. ട്രസ്റ്റ് വ്യവസ്ഥകള്‍, നിയമാവലി, അതിലെ  ഭേദഗതി എന്നിവ അന്വേഷിക്കണമെന്നാണ് ആവശ്യം. കോളജ് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക്, ഹോട്ടല്‍ എന്നിവ ഒഴിപ്പിക്കണമെന്ന നിലപാടാണ് സി.പി.ഐക്ക്. മാനേജ്മെന്‍റിന്‍െറ മറുപടിക്കു ശേഷം നടപടികളെടുക്കാനാണ് കലക്ടറോട് നിര്‍ദേശിച്ചിരിക്കുന്നത്.

ട്രസ്റ്റിന് 1985ല്‍ 11.53 ഏക്കര്‍ ഭൂമിയിയാണ് പതിച്ചു നല്‍കിയത്. ദേശീയ നിയമ സര്‍വകലാശാല സ്ഥാപിക്കുന്നതിനാണ് ഭൂമിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇത് സ്ഥാപിക്കുന്നതിന് കാലപരിധി വെച്ചിരുന്നില്ല. അതിനാല്‍  നടപടി നിയമക്കുരുക്കിന് ഇടയാക്കുമെന്ന അഭിപ്രായമാണ് റവന്യൂ വകുപ്പിന്. അതിനാലാണ്  നിയമവകുപ്പിന്‍െറ അഭിപ്രായം തേടിയത്.

ഗള്‍ഫ് സന്ദര്‍ശനത്തിനു പോകുംമുമ്പ്  മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയും കാര്യങ്ങള്‍  ധരിപ്പിക്കുകയും ചെയ്ത ശേഷമാണ് റവന്യൂ വകുപ്പ് നടപടിയിലേക്ക് നീങ്ങിയത്. രജിസ്ട്രേഷന്‍, നിയമ വകുപ്പുകളുടെ നിലപാടാവും ഇനി നിര്‍ണായകം. 

Tags:    
News Summary - law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.