ഗുരുവായൂർ: ശരിക്കും ഒരു ഫോട്ടോഫിനിഷ് മത്സരം... അവസാനം വരെ ആകാംക്ഷയുടെ മുൾ മുനയിലായിരുന്നു ഞങ്ങളെല്ലാം... തൃശൂർ ജില്ല അവസാനമായി സ്കൂൾ കലോത്സവ കിരീടം ചൂടിയ 1999ലെ ടീം മാനേജരായിരുന്ന പി.ഐ. സൈമൻ ആ വിജയത്തെ കുറിച്ച് ഓർക്കുന്നതിങ്ങനെ.
കൊല്ലത്തായിരുന്നു മേള. നാല് മത്സരങ്ങൾ കൂടി അവസാനിക്കാനിരിക്കുമ്പോൾ പോയൻറ് നിലയിൽ തൃശൂർ മുന്നിൽ. തൊട്ടുപിറകിൽ തന്നെ കോഴിക്കോടുണ്ട്. മറ്റ് ജില്ലകൾ കുറേക്കൂടി പിന്നിലാണ്. എന്നാൽ നടക്കാനിരിക്കുന്ന മത്സരങ്ങളിലൊന്നും തൃശൂരിന് പങ്കാളിത്തമില്ല. കോഴിക്കോടിന് ഈ മത്സരങ്ങളിലെല്ലാം പങ്കെടുക്കാൻ കുട്ടികളുണ്ട്. അവസാനം വരെ മുന്നിൽ നിന്നിട്ടും കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുമെന്നു തന്നെ കരുതി. എന്നാൽ നാല് മത്സരങ്ങളുടെയും ഫലം വന്നപ്പോൾ കോഴിക്കോടിന് പോയെൻറാന്നും ലഭിച്ചില്ല. മറ്റ് ജില്ലകളാണ് വിജയം നേടിയിരുന്നത്. അതോടെ പോയൻറ് നിലയിൽ തൃശൂർ മുന്നിൽ തുടർന്നു. രണ്ടാം സ്ഥാനം കോഴിക്കോടിനായി. മന്ത്രിയിൽ നിന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങിയ നിമിഷം ഇപ്പോഴും തനിക്ക് മറക്കാനാവില്ലെന്ന് സൈമൻ പറഞ്ഞു. തൃശൂരിലെ വിജയം ചില പാഠങ്ങൾ പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മത്സരയിനങ്ങളിലും ജില്ലക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്ന് പിന്നീട് നടന്ന വിലയിരുത്തൽ യോഗത്തിൽ തീരുമാനിച്ചു. 1999ൽ തൃശൂരിന് പഞ്ചവാദ്യത്തിന് ടീം ഉണ്ടായിരുന്നില്ല. ഇക്കാര്യം പരിഹരിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു.അന്നത്തെ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന പി.ആർ. വർഗീസ് ഇക്കാര്യം ജില്ല പഞ്ചായത്തിെൻറ മുൻകൈയോടെ പരിഹരിക്കാമെന്ന ഉറപ്പ് നൽകി. ഇതനുസരിച്ച് കടവല്ലൂര്‍ ഗവ.ഹൈസ്കൂളിനെ പ്രത്യേകം തിരഞ്ഞെടുത്ത് പഞ്ചവാദ്യത്തിന് പരിശീലനം നൽകി. കലാമണ്ഡലം താമി ആശാെൻറ നേതൃത്വത്തിലായിരുന്നു പരിശീലനം. ഇത് ഫലം കണ്ടു. ഇപ്പോഴും പഞ്ചവാദ്യ രംഗത്ത് തുടരുന്ന കടവല്ലൂർ പെരുമക്ക് അടിത്തറയൊരുക്കിയത് 1999ലെ കിരീട നേട്ടത്തിെൻറ തുടർച്ചയായി ജില്ല പഞ്ചായത്ത് നടത്തിയ ഇടപെടലാണെന്ന് സൈമൻ പറഞ്ഞു.
അധ്യാപന രംഗത്ത് നിന്ന് വിരമിച്ച് 20 വർഷമായെങ്കിലും ഇന്നും സജീവമായി പൊതുരംഗത്ത് തുടരുന്ന ഈ അധ്യാപകൻ ഇത്തവണയും മേളക്കെത്തുന്നുണ്ട്. തൃശൂരിന് കിരീടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ചിട്ടുള്ള ടീം തൃശൂരിെൻറ വൈസ് ചെയർമാൻ ഇദ്ദേഹമാണ്. കേച്ചേരി ജ്ഞാനപ്രകാശിനി സ്കൂളിലെ പ്രധാന അധ്യാപകനായി വിരമിച്ച ഇദ്ദേഹം കെ.എസ്.ടി.എ.യുടെ സംസ്ഥാന ട്രഷർ ആയിരുന്നു. ജനതാദൾ യു വിെൻറ ജില്ല ഭാരവാഹിയാണിപ്പോൾ. ആക്ട്സ് മുതലായ പൊതുപ്രവർത്തനങ്ങളിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.