പന്തല്ലൂർ കൊട്ടമലയിൽ ഉരുള്‍പൊട്ടി; ആളപായമില്ല, വ്യാപക കൃഷിനാശം

മഞ്ചേരി: പന്തല്ലൂർ കൊട്ടമലയിൽ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം. ആനക്കയം പഞ്ചായത്തിലെ 13ാം വാർഡായ പന്തല്ലൂർ ഹിൽസിൽ വ്യാഴാഴ്ച രാത്രി 10.15നാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ലാത്തത് ആശ്വാസമായി. അപകടമുണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള 20 കുടുംബങ്ങളെ പാരിഷ് ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാല് ഏക്കറോളം റബർ തോട്ടവും കമുക്, തേക്ക്, തെങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികളും ഒലിച്ചുപോയി. മരങ്ങൾ നിന്നിടത്ത് പാറക്കല്ലുകൾ വന്നടിഞ്ഞു.

30 ഏക്കർ ഭൂമിയാണ് ഉരുളെടുത്തത്. പാച്ചോലപ്പാറക്ക് സമീപത്തെ നെച്ചാങ്ങര കോൺക്രീറ്റ് നടപ്പാലം ഒലിച്ചുപോയി. പെരിഞ്ചീരി മണ്ണിൽ ഹൻസ് ജോസ്, പെരിഞ്ചീരി മണ്ണിൽ റോയി, ജലജ ജോസ്, ചക്കാലക്കുന്നൻ കോയ, ഷാനവാസ് കുരിക്കൾ, ഷഹജാസ് കുരിക്കൾ, മുഹമ്മദ്, സുഹറ, ഷഹിൻ മറിയം എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്കാണ് മണ്ണും പാറക്കൂട്ടങ്ങളും വന്നടിഞ്ഞത്. മലയിൽനിന്ന് വെള്ളം കുത്തിയൊഴുകി തോടുകൾ രൂപപ്പെട്ടു. സമീപത്തെ വീടുകളിലേക്ക് ചളിമണ്ണ് ഒലിച്ചിറങ്ങി. മണ്ണും പാറക്കല്ലും ഒലിച്ചെത്തി ചേപ്പൂർ-അരിക്കണ്ടംപാക്ക് റോഡ് പൂർണമായി അടഞ്ഞു. മലയിൽനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരത്തേക്കാണ് ചളിവെള്ളം ഒഴുകിയെത്തിയത്.

വ്യാഴാഴ്ച വൈകീട്ട് 7.15നാണ് പ്രദേശത്ത് മഴ തുടങ്ങിയത്. രാത്രി 9.30ഓടെ മഴക്ക് ശക്തി കൂടി. ഒരുമണിക്കൂറിന് ശേഷം വലിയ ശബ്ദത്തോടെ ഉരുൾപൊട്ടുകയായിരുന്നു. മലയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ക്വാറിയിലേക്കുള്ള റോഡിനോട് ചേർന്ന ഭാഗം മുതലാണ് ഉരുൾപൊട്ടിയത്. നേരത്തേ ക്വാറി പ്രവർത്തിച്ചതും ഇതോടനുബന്ധിച്ച് നിർമാണപ്രവൃത്തി നടത്തിയതുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

2018ലെയും 2019ലെയും പ്രളയസമയത്തും ഇവിടെ ചെറിയ രീതിയിൽ ഉരുൾപൊട്ടിയിരുന്നു. ഏറനാട് തഹസിൽദാർ ഹാരിസ് കപ്പൂർ, മണ്ണ് സർവേ വിഭാഗം ഓഫിസർ മുഫ്സിറ, മണ്ണ് സംരക്ഷണ സർവേയർ കെ.കെ. ദിനേഷ്, ജിയോളജിസ്റ്റ് ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Tags:    
News Summary - Landslides at Pantallur Kottamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.