കോഴിക്കോട്: നിലമ്പൂരിലെ ഭൂമി തട്ടിപ്പ് കേസിൽ മുൻ വില്ലേജ് ഓഫിസർക്കെതിരെ അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്. പുളിപ്പാടം വില്ലേജ് മുൻ സ്പെഷ്യൽ ഓഫിസർ മുഹമ്മദ് സമീറിനെതിരെയായ കേസിലാണ് ഔപചാരിക അന്വേഷണം നടത്തുന്നതിന് കരിപ്പൂർ എയർപോർട്ട് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ) എം.പി പ്രേം ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിണമെന്നാണ് ഉത്തരവിലെ നിർദേശം.
നിലമ്പൂർ താലൂക്കിലെ പുള്ളിപ്പാടം വില്ലേജിലെ ഒറ്റക്കണ്ടത്തിൽ പുത്തൻ പീടിയേക്കൽ അഹമ്മദ് കുട്ടിയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായുള്ള പരാതിയിന്മേലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. പുളിപ്പാടം വില്ലേജ് സർവേ14 ൽ ഒറ്റക്കണ്ടത്തിൽ പുത്തൻ പീടിയേക്കൽ അമ്മദ് കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുളള നിലമ്പൂർ ലാൻഡ് ട്രൈബ്യൂണലിൽ നിന്ന് 3013/76 നമ്പർ അപേക്ഷ പ്രകാരം 2143/77 നമ്പറായി ജന്മാവകാശം പതിച്ചുകിട്ടി കൈവശം വച്ച് അനുഭവിച്ചിരുന്ന ഭൂമിയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. ഉടമസ്ഥൻ 2009 വരെ കൃത്യമായി നികുതി അടച്ചിരുന്ന ഭൂമിയാണിത്.
പുള്ളിപ്പാടം സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് സമീർ അധികാര ദുർവിനിയോഗം നടത്തി വലിയ പീടിയേക്കൽ ഷൗക്കത്തലി തുടങ്ങിയുള്ളവർക്ക് 2017മെയ് 30ന് ഒറ്റത്തവണയായി 1957 മുതൽ 2017 വരെയുളള ഭൂനികുതി സ്വീകരിക്കുന്നതിന് വഴിയൊരുക്കി. തുടർന്ന് ഷൗക്കത്തലി 2017 ജൂൺ 14ന് -സഹോദരങ്ങളിൽ നിന്ന് അവകാശം വാങ്ങി ഭൂമി സ്വന്തം പേരിലേക്ക് മാറ്റി. വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി. തുടർന്ന് വിജിലൻസ് ഡയറക്ടറുടെ ശിപാർശ പ്രകാരമാണ് നടപടി തുടങ്ങിയത്.
സ്ഥലത്തിന്റെ ഉടമസ്ഥത സ്ഥാപിച്ചു കിട്ടുന്നതിനായി വലിയ പീടിയേക്കൽ ഷൗക്കത്തലിക്കെതിരെ ഒറ്റക്കണ്ടത്തിൽ പുത്തൻ പീടിയേക്കൽ അഹമ്മദ് കുട്ടി മഞ്ചേരി മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത ഹരജി കോടതിയുടെ പരിഗണനയിലാണ്. എന്നാൽ, പുള്ളിപ്പാടം വില്ലേജ് ഓഫീസറുടെ ചാർജ്ജ് ഉണ്ടായിരുന്ന കാലയളവിൽ ഉടമാകവാശം നിലനിൽക്കുന്നുവെന്ന് വ്യക്തമായി അറിയാവുന്ന സ്ഥലത്തിന് നടപടി ക്രമങ്ങൾ
പാലിക്കാതെയും മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയും ഭൂ നികുതി സ്വീകരിച്ചുവെന്നാണ് മുഹമ്മദ് സമീറിനെതിരായ കുറ്റം. വില്ലേജ് ഓഫിസർ എന്നി നിലയിൽ അദ്ദേഹത്തിന് സംഭവിച്ച വീഴ്ചയാണിതെന്ന് പരിശോധനയിൽ വ്യക്തമായി. അതിനാലാണ് വകുപ്പ് തല നടപടി വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തത്. മുഹമ്മദ് സമീർ നൽകിയ വിശദീരകണവും തൃപ്തികരമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.