തിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നതടക്കമുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വകുപ്പ് മുന്നോട്ട് വെച്ചത്. വ്യവസായം വരണമെങ്കിൽ ഭൂമി വേണം. ഭൂ നിയമങ്ങളിൽ ഇളവ് വേണം. അതുകൊണ്ട് തന്നെ ഭൂപരിഷ്കണ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യമാണ് വ്യവസായ വകുപ്പ് മുന്നോട്ട് വെക്കുന്നത്. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറെന്നതിൽ ഉദാരമായ വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വിളിച്ച വകുപ്പുതല യോഗത്തിൽ വ്യവസായ വകുപ്പ് ആവശ്യപ്പെട്ടത്.
പക്ഷേ, ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യം തള്ളിയ റവന്യൂ മന്ത്രി കെ. രാജൻ, പക്ഷേ വ്യവസായ സൗഹൃദമാകണമെന്ന ആശയത്തെ പിന്തുണക്കുകയും ചെയ്തു. വരുന്ന നിക്ഷേപത്തിന്റെ അളവും തൊഴിലവസരവും എല്ലാം കണക്കിലെടുത്ത് ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാൻ നിലവിലെ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെന്ന് റവന്യൂ മന്ത്രി നിലപാടെടുത്തു.
മറ്റ് സംസ്ഥാനങ്ങളിലെ ഇളവുകൾ കൂടി ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പിന്റെ ആവശ്യത്തിന് റവന്യൂ വകുപ്പ് തടയിട്ടത്. സംസ്ഥാന താൽപര്യത്തിന് ഉതകുന്നതെങ്കിൽ നിലവിലെ നിയമം അനുസരിച്ച് തന്നെ ഇളവ് അനുവദിക്കാമെന്നും നടപടിക്രമം വേഗത്തിലാക്കാമെന്നും റവന്യൂ മന്ത്രി ഉറപ്പ് നൽകി.
നിലവിലെ നിയമം അനുസരിച്ച് വ്യവസായ ആവശ്യത്തിന് 15 ഏക്കറിന് മുകളിൽ ആവശ്യമെങ്കിൽ, വേണ്ടി വരുന്ന ഓരോ ഏക്കറിനും 10 കോടിയുടെ നിക്ഷേപവും 20 തൊഴിലവസരവും ഉറപ്പ് നൽകണം. ഏത് വകുപ്പുമായി ബന്ധപ്പെട്ടാണോ അപേക്ഷ ലഭിക്കുന്നത് അത് കലക്ടർ മുഖേനെ ബന്ധപ്പെട്ട മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ച ശേഷം മന്ത്രിസഭയുടെ അംഗീകരത്തോടെ മാത്രമെ ഭൂമി വിട്ടുനൽകുന്നതിന് അനുമതി കിട്ടൂ. അത്തരം സാങ്കേതിക കടമ്പകൾ ഒഴിവാക്കി വ്യവസായ ആവശ്യത്തിന് കൈവശംവെക്കാവുന്ന ഭൂമിയുടെ അളവ് കൂട്ടണമെന്നാണ് ആവശ്യം. പക്ഷേ, നിലവിലെ നിയമം വിട്ട് മറ്റ് നടപടികൾ കൈക്കൊള്ളാൻ കഴിയില്ലെന്നാണ് റവന്യൂ വകുപ്പ് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.