കൊച്ചി: യു.ഡി.എഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ‘ഭൂപരിഷ്കരണം 2.0’ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഉടൻ സമിതിയെ നിയോഗിക്കും. സമിതി അംഗങ്ങളുടെ പട്ടിക തയാറായെന്നും ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവിലെ ഭൂപരിഷ്കരണ നിയമത്തിൽ വിപുല മാറ്റം വരുത്തില്ല. എന്തെല്ലാം മാറ്റങ്ങളാവാമെന്ന് പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. നിലവിലെ നിയമം സംസ്ഥാനത്ത് വലിയ സാമൂഹിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതേസമയം, പട്ടികജാതിക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി ആ നിയമത്തിന്റെ ഗുണഫലം ലഭിക്കാതെ പാർശ്വവത്കരിക്കപ്പെട്ടവരുണ്ട്. അവർക്ക് എങ്ങിനെ ഭൂമി ലഭ്യമാക്കാമെന്നതിനാണ് മുൻഗണന. ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഭോക്താക്കൾ കൂടിയാന്മാരായിരുന്നു. കൂടിയാന്മാർ പോലും അല്ലാതിരുന്നവരാണ് പിന്തള്ളപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.
തോട്ടം മേഖല ഒഴികെ മറ്റെല്ലായിടത്തും കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തി. തോട്ടഭൂമി ആയിരക്കണക്കിന് ഏക്കറാണെങ്കിൽ പോലും കൈവശം വെക്കാം. അതിൽ എന്ത് മാറ്റം വരുത്താൻ കഴിയുമെന്ന് പരിശോധിക്കും. സംസ്ഥാനത്ത് നിക്ഷേപത്തിന് പലരും തയാറാണ്. പക്ഷേ, അവർക്ക് നൽകാൻ ഭൂമിയില്ല. തോട്ടഭൂമിയിൽ അതിന്റെ സ്വഭാവം നിലനിർത്തിക്കൊണ്ട് എന്ത് വൈവിധ്യം കൊണ്ടുവരാമെന്നും പരിശോധിക്കും.
തോട്ട ഭൂമി കേസുകൾ നടത്തുന്നതിൽ വീഴ്ച വരുത്തില്ല. അതിനായി ഗവ. പ്ലീഡറെ നിയോഗിച്ചു കഴിഞ്ഞു. കേസുകളുടെ തുടർനടപടിക്ക് കൂടുതൽ പ്രഗത്ഭരെ നിയോഗിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കും. മലയോര മേഖലയിൽ അർഹതപ്പെട്ട നിരവധി പേർക്ക് പട്ടയം ലഭിക്കാത്ത അവസ്ഥയുണ്ട്. അതിന്റെ പ്രശ്നങ്ങളും സമിതി പഠിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ എത്ര സമയം വേണമെന്നത് സമിതിയുടെ കൂടി അഭിപ്രായം തേടിയ ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.